കാലിഫോര്‍ണിയ: വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇസ്രായേലി സ്പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊലൂഷന്‍സ് ശ്രമം നടത്തിയതായി വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ നൂറോളം പേരുടെ വാട്സാപ്പ് അക്കൗണ്ടുകളില്‍നിന്ന് വിവരം ചോര്‍ത്താനുള്ള ശ്രമമാണ് ഉണ്ടായത്.
വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹാക്കിങ് ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് പാരഗണ്‍ സൊലൂഷന്‍സിന് വാട്സാപ്പ് കത്ത് നല്‍കിയതായും മെറ്റ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ പാരഗണ്‍ സൊലൂഷന്‍സ് തയാറായിട്ടില്ല.
ആളുകളുടെ ആശയവിനിമയത്തിന്‍റെ സ്വകാര്യതയെ സംരക്ഷിക്കാനുള്ള നടപടികള്‍ തുടരുമെന്ന് വാട്സാപ്പ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള, ആരുടെയൊക്കെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതെന്ന് വാട്സാപ്പ് വെളിപ്പെടുത്തിയില്ല. ഈ ശ്രമം പരാജയപ്പെടുത്തിയതായും, ഇതിന്‍റെ വിശദാംശങ്ങള്‍ ചാരപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കാനഡ കേന്ദ്രീകരിച്ചുള്ള കൂട്ടായ്മയായ സിറ്റിസണ്‍ ലാബിന് കൈമാറിയതായും വാട്സാപ്പ് അധികൃതര്‍ അറിയിച്ചു.
നേരത്തെ, ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ കമ്പനിയുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ആഗോളവ്യാപകമായി പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയിരുന്നു.