/sathyam/media/media_files/2025/08/01/hhbv-2025-08-01-02-47-18.jpg)
കാന്‍ബെറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയയുടെ മാതൃക പിന്തുടരാന്‍ നോര്‍വേയും യുകെയും. ലോകത്ത് തന്നെ ആദ്യമായിട്ടാണ് സോഷ്യല്‍ മീഡിയയ്ക്ക് ഒരു രാജ്യം ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
ഓസ്ട്രേലിയ സ്വീകരിച്ച ഈ നയം ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. നോര്‍വേയും സമാനമായ ഒരു നിയന്ത്രണം പ്രഖ്യാപിച്ചു കഴിഞ്ഞു. യുകെ ഇക്കാര്യം പിന്തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഓസ്ട്രേലിയയില്‍ കൗമാരപ്രായക്കാര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ യുട്യൂബിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം യുട്യൂബും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പതിനാറ് വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക് യൂട്യൂബില്‍ അക്കൗണ്ട് ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസ് പ്രഖ്യാപിച്ചു.
2024 നവംബറിലാണ് 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍മീഡിയ നിരോധിക്കുന്നതിനുള്ള ഒരു ബില്‍ ആന്‍റണി അല്‍ബനീസ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. നിയമം ഈ വര്‍ഷം ഡിസംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരോധന നിയമം അനുസരിച്ച് ടെക് കമ്പനികള്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കുക, പുതിയവ ക്രിയേറ്റ് ചെയ്യുന്നത് തടയുക എന്നിവ ചെയ്യേണ്ടതുണ്ട്. നിയമം ലംഘിക്കുന്ന പക്ഷം 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴ നല്‍കേണ്ടി വരുമെന്നു പുതിയ നിയമം അനുശാസിക്കുന്നു.