യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ശനിയാഴ്ച റോഥർഹാം മാൻവേഴ്സിൽ

New Update
1000254439
റോഥർഹാം: യുക്മ ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ൻ്റെ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 30 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന ഏഴാമത് യുക്മ വള്ളംകളി ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. 
Advertisment
യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുക്കുന്ന പ്രോഗ്രാമെന്ന നിലയിൽ പ്രശസ്തമായ കേരളപൂരം വള്ളംകളി, യുക്മ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ്. ''യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025''ൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ശനിയാഴ്ച (09/08/2025) രാവിലെ 11 മണിയ്ക്ക് നടക്കുന്നതാണ്. വള്ളംകളി മത്സരം നടക്കുന്ന റോഥർഹാമിലെ മാൻവേഴ്സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസിലാണ് യോഗം നടക്കുന്നത്. 
യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് മത്സരങ്ങൾ സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. തുടർന്ന് ഈ വർഷത്തെ മത്സര ക്രമം തീരുമാനിക്കുന്നതിനുള്ള ഹീറ്റ്സ് നറുക്കെടുപ്പ് നടക്കും. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരോ അവർ ചുമതലപ്പെടുത്തുന്ന ആളുകളോ ഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. യോഗക്രമം സംബന്ധിച്ചുള്ള വിശദമായ അറിയിപ്പുകൾ ഇതിനോടകം ടീം ക്യാപ്റ്റൻമാരെ നേരിട്ട് അറിയിച്ചിട്ടുണ്ട്. 
യുക്മ ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയൽ, വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജ്ജ്, വള്ളംകളി രജിസ്ട്രേഷൻ ചുമതലയുള്ള ദേശീയ സമിതിയംഗം ജോർജജ് തോമസ്, യോർക്ക്ഷയർ & ഹംബർ റീജിയൻ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുന്നതാണ്.
കായികപ്രേമികളുടെ ആവേശമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിരയും, തെയ്യവും, പുലികളിയും, നൃത്ത നൃത്യങ്ങളും, സംഗീതവും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥർഹാം മാൻവേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
Advertisment