മക്കയിൽ ഇഫ്താർ സുപ്രയിലേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു

New Update
death Untitl.jpg

മക്ക: മക്കയിലെ നവാരിയിൽ പള്ളിക്ക് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി സ്വദേശി സ്രാമ്പിക്കൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ ബഷീർ (47) ആണ് മരിച്ചത്.

Advertisment

സഹ്‌റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് റോഡിന് സമീപം വ്യാഴാഴ്ച ഇഫ്താറിൽ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാർ മറ്റു കാറുകളിൽ ഇടിച്ചു സുപ്രയിലേക്ക് ഇടിച്ചുകയറി മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 21 പേര്‍ക്ക് പരിക്കേറ്റു. 

ഇഫ്താറിൽ പങ്കെടുക്കാനെത്തിയവർക്കും ഇടിച്ച മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. സുരക്ഷാ സേന സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

അപകടത്തിൽ മരിച്ച മുഹമ്മദ്‌ ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

മക്ക ഹിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.

അപകടത്തിൽ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മൻസൂറിനെ മക്കാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

Advertisment