ദുബായ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനും യുദ്ധക്കുറ്റങ്ങളും വംശീയ കൂട്ടക്കൊലയും ആരോപിച്ച് രണ്ടു അറസ്ററ് വാറന്റുകള്‍ പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യുടെ തീരുമാനത്തെ അറബ് പാര്‍ലമെന്‍റ് സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമ സംവിധാനത്തിന്‍റെ വിജയത്തെയും രാജ്യാന്തര നിയമങ്ങളുടെയും മാനുഷിക തത്ത്വങ്ങളുടെയും ഗുരുതര ലംഘനങ്ങളെയും എടുത്തു കാട്ടുന്നതാണീ തീരുമാനമെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അറബ് പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
പ്രതിരോധമില്ലാത്ത പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രായേല്‍ തുടരുന്ന മനുഷ്യത്വ വിരുദ്ധമായ നിയമ ലംഘനങ്ങളുടെ വെളിച്ചത്തില്‍ ഈ തീരുമാനം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതും വംശഹത്യ നടത്തുന്നതും അധിനിവേശം തുടരുന്നതും അവസാനിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
നെതന്യാഹുവിനും ഗാലന്‍റിനുമെതിരായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്ററ് വാറന്‍റിനെ പിന്തുണക്കുന്ന മുഴുവന്‍ ആഗോള സ്ഥാപനങ്ങള്‍ക്കും അറബ് പാര്‍ലമെന്‍റിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് അല്‍ യമാഹി ആവര്‍ത്തിച്ചു വ്യക്തമാക്കി.
നീതി നടപ്പാക്കുന്നതിന് ഐസിസിയെ പിന്തുണയ്ക്കാന്‍ ലോക സമൂഹത്തോടും റോം ചട്ടത്തില്‍ ഒപ്പു വച്ച രാജ്യങ്ങളോടും ഒപ്പിടാത്ത രാജ്യങ്ങളോടും അറബ് പാര്‍ലമെന്‍റ് സ്പീക്കര്‍ അഭ്യര്‍ഥിച്ചു.