കാഞ്ഞങ്ങാട്: അബുദാബിയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായ യുവാവിനെ കുറിച്ച് വിവരമില്ല. യുവാവിന്റെ കൊച്ചിയിലെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. യുവാവ് കൊച്ചിയിൽ വിമാനമിറങ്ങി ടാക്സി കാറിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. ബേഡഡുക്ക ഗദ്ദമൂലയിലെ കൃഷ്ണപ്രസാദിനെ (26) യാണ് കാണാതായത്. അബുദാബിയിലെ ഇത്തിയാദ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഇക്കഴിഞ്ഞ 21ന് വൈകീട്ട് 2.45ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു.
എന്നാൽ, നാട്ടിലേക്ക് വരുന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽവന്ന് 15 ദിവസം മുമ്പ് നാട്ടിൽനിന്ന് അബുദാബിയിലേക്ക് മടങ്ങിയതായിരുന്നു. വീട്ടുകാർ കഴിഞ്ഞ 22ന് വിളിച്ചപ്പോൾ കൃഷ്ണ പ്രസാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫിലായിരുന്നു. സുഹൃത്തിനെ വിളിച്ചപ്പോഴാണ് നാട്ടിലേക്ക് വന്നതായി പറഞ്ഞത്. എന്നാൽ വീട്ടിൽ എത്തിയില്ല. ഇതേതുടർന്ന് ബന്ധുക്കൾ ബേഡകം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നുണ്ട്.
പൊലീസ് എറണാകുളത്ത് തമ്പടിച്ച് അന്വേഷണത്തിലാണ്. ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. യുവാവ് കൊച്ചി എയർപോർട്ടിൽ ഇറങ്ങിയ ശേഷം കയറിപ്പോയ ടാക്സി കാറിനെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാറിൽ നിന്നും ഇറങ്ങി എങ്ങോട്ട് പോയെന്ന് വിവരമില്ല. മൊബൈൽ ഓഫിലായതിനാൽ സൈബർ സെൽ അന്വേഷണം വഴി മുട്ടി.