/sathyam/media/media_files/2025/09/10/hnbv-2025-09-10-03-46-49.jpg)
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഈ ആക്രമണം മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംയമനവും നയതന്ത്രവും പാലിക്കണമെന്ന് ഇന്ത്യ ഇരുപക്ഷത്തോടും ശക്തമായി അഭ്യർത്ഥിച്ചു. ദോഹയിലെ കത്താറ പ്രവിശ്യയിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് ഉഗ്ര സ്ഫോടനം നടന്നത്. ഹമാസിൻ്റെ പോളിറ്റ്ബ്യൂറോ നേതാക്കൾ താമസിച്ച കെട്ടിടമാണ് ആക്രമിച്ചതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഹമാസിൻ്റ പ്രധാന നേതാക്കളിലൊരാളായ ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇത് ഖത്തറിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഖത്തർ വിശേഷിപ്പിച്ചു. അതേസമയം, ഇത് ഒരു തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കാൻ നടത്തുന്ന സൈനിക നടപടിയുടെ ഭാഗമാണിതെന്നും, ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുന്നതായും നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രണ്ട് ദിവസം മുൻപ് ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ, അമേരിക്കയുടെ അനുമതിയോടെയാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തിൽ പ്രതിഷേധിച്ച്, എല്ലാ വെടിനിർത്തൽ ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് ഖത്തർ അറിയിച്ചു.