കുവൈറ്റ്: കേരള പ്രസ്‌ക്ലബ് കുവൈത്തിന്റെ ഗഫൂര്‍ മൂടാടി പ്രസ്‌ഫോട്ടോ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിലെ കൊച്ചി ബ്യൂറോ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സനീഷ് എ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
കേരള പ്രസ്‌ക്ലബ് കുവൈത്തിന്റെ രണ്ടാമത് ഗഫൂര്‍ മൂടാടി മെമ്മോറിയല്‍ പ്രസ് ഫോട്ടോ അവാര്‍ഡിന് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ കൊച്ചി ബ്യൂറോ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സനീഷ് എ അര്‍ഹനായി.
കഴിഞ്ഞ ദിവസം കുവൈത്തില്‍ നടന്ന 'മാധ്യമസമ്മേളനം 2025 ന്റെ വേദിയില്‍ വെച്ചാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനോരമ ചാനലിന്റെ ന്യൂസ് ഡയറക്ടറുമായ ജോണി ലൂക്കോസ്, മാതൃ ഭൂമി ന്യൂസിലെ സീനിയര്‍ വാര്‍ത്താ അവതാരക മാതു സജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ അളഗപ്പന്‍ എന്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഗുസ്താവോ ഫെറാരി, ഫോട്ടോഗ്രാഫി മെന്റര്‍ ബിഷാര മുസ്തഫ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുനീര്‍ അഹമ്മദ് അവാര്‍ഡിനെക്കുറിച്ച് വിശദീകരിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ കൊച്ചി എഡിഷന്‍ രണ്ടാം പേജില്‍ ''Seeking solace in solitude'' എന്ന അടിക്കുറിപ്പില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് സനേഷിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നാട്ടില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും .