/sathyam/media/media_files/YXrwnyOd8YhTcvoUU5he.jpg)
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ക്ഷണം സ്വീകരിച്ച് ബഹ്റൈനിൽ എത്തിച്ചേർന്ന ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രതിനിധി സ്വാമീ ഋതംബരാനന്ദ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജൻ എന്നിവർ കേരള കാത്തലിക് അസോസിയേഷൻ സന്ദർശിച്ചു.
കെ സി എ യുടെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണെന്നും, 2024 നവംബർ മാസം 30ന് റോമിൽ വെച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ലോക സർവമത സമ്മേളനത്തിന് പ്രതീകം എന്നോണം കെസിഎയിൽ ഇങ്ങനെയൊരു വേദിയൊരുക്കുവാൻ തയ്യാറായത് മാതൃകാപരമാണെന്നും വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു.
ഹൃസ്വ സന്ദർശനാർത്ഥം കെസിഎയിൽ എത്തിച്ചേർന്ന വിശിഷ്ട മത ആചാര്യന്മാരെ കെസിഎ പ്രസിഡന്റ് ജെയിംസ് ജോണിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും സുഹൃത്തുക്കളും ഊഷ്മളമായ വരവേൽപ്പ് നൽകി സ്വീകരിച്ചു.
ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നവംബർ 30 നു വർത്തിക്കാനിൽ വെച്ച് നടക്കുന്ന മത സൗഹാർദ്ദ സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു സംസാരിച്ചു.
എല്ലാമതങ്ങളും ഒന്നാണെന്നും എല്ലാ മനുഷ്യരും സഹ വർത്തിത്വത്തോടെ ജീവിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
റോമിൽ നടക്കുന്ന ലോക സർവ്വമത സമ്മേളനത്തിൽ കെസിഎ പ്രതിനിധികൾ പങ്കെടുക്കുമെന്ന് അറിയിച്ചതിൽ കെ ജി ബാബുരാജൻ സന്തോഷം പ്രകടിപ്പിച്ചു.
കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ട്രഷറർ നിക്സൺ വർഗീസ്, സ്പോർട്സ് സെക്രട്ടറി സോവിച്ചൻ ചേനാറ്റുശ്ശേരി, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ അരുൾദാസ് തോമസ്, കെസിഎ മുൻ പ്രസിഡൻ്റ് എബ്രഹാം ജോൺ. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി എന്നിവരും മറ്റ് അതിഥികളും കെസിഎ അംഗങ്ങളും, കുടുംബാംഗങ്ങളും, വനിതാ വിംഗ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
മാനവ ഐക്യത്തിന് വേണ്ടി ബഹ്റൈൻ എന്ന പവിഴ ദ്വീപിൽ നാട്ടിൽ നിന്ന് എത്തുന്ന ബഹുമുഖ പ്രതിഭകളെ കേരള കാത്തലിക് അസോസിയേഷൻ ഭാരവാഹികൾ ഇത്തരത്തിലുള്ള നന്മയാർന്ന വേദിയൊരുക്കിയിട്ടുണ്ട്.