/sathyam/media/media_files/IKv20msx7vghAkD5nlb1.jpg)
മനാമ: പ്രധാനമന്ത്രിയുടെ പേരിലുള്ള എട്ടാമത് മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മികവുറ്റ മാധ്യമ പ്രവർത്തകരെ ആദരിച്ചത്.
സമൂഹത്തിലെ വിവിധ വിഷയങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും അവയെക്കുറിച്ച് ഭരണകൂടത്തെയും ജനങ്ങളെയും അറിയിക്കുന്നതിന് ശരിയായ രൂപത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് മാധ്യമ പ്രവർതതകർ.
അവരുടെ പേനകളിൽ നിന്നുതിർന്നു വരുന്ന വരികൾ ഏവരെയും സ്വാധീനിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളിലും മുന്നേറ്റത്തിലും മാധ്യമ പ്രവർത്തകരുടെ പങ്ക് അദ്വിതീയമാണ്.
രാജ്യം മുന്നോട്ടു വെക്കുന്ന വളർച്ചയും വികസനവും നേടിയെടുക്കാൻ ഭാവിയിലും അവരുടെ പങ്ക് നിർണായകമാണെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കിരീടാവകാശി വ്യക്തമാക്കി.
വെല്ലുവിളികളെ നേരിടാനും ഉത്തരവാദിത്വത്തോടെ ഏൽപിക്കപ്പെട്ട ചുമതല നിർവഹിക്കാനും സാധിക്കാൻ മാധ്യമ മേഖലയിലുള്ളവർക്ക് സാധിച്ചിട്ടുണ്ട്. അവരുടെ കഴിവുകൾ സമൂഹ നന്മക്കായി ഇനിയും ഉപയോഗപ്പെടുത്താൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അവാർഡ് ലഭിച്ച മാധ്യമ പ്രവർത്തകരെ അദ്ദേഹം ആദരിക്കുകയും ചെയ്തു.
മീഡിയ പേഴ്സൺ ഓഫ് ഇയറായി അഖ്ബാർ അൽ അൽ ഖലീജ് പത്രാധിപർ അൻവർ അബ്ദുറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച അഭിപ്രായ രൂപീകരണ വിഭാഗത്തിൽ നൗറ അൽ ഫൈഹാനി, മികച്ച അന്വേഷണാത്മക പത്രപ്രവർത്തന മേഖലയിൽ അയ്മൻ അഹ്മദ് അലി, മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിൽ അഹ്മദ് ഇബ്രാഹിം അദ്ദൈസി, അയ്മൻ അലി യഅ്ഖൂബ് എന്നിവരും മികച്ച ന്യൂസ് പോർട്ടൽ വിഭാഗത്തിൽ റാഷിദ് നബീൽ അൽ ഹമർ, മികച്ച ദൃശ്യ ഉള്ളടക്കത്തിന് അഹ്മദ് ജാബിർ ഫർദാൻ, മികച്ച ഇൻഫോഗ്രാഫിക് വിഭാഗത്തിൽ അലി ഹുജൈരി, പ്രത്യേക സപ്ലിമെന്‍റ് വിഭാഗത്തിൽ അഹ്മദ് രിദ, മികച്ച പത്രപ്രവർത്തക വിദ്യാർഥി വിഭാഗത്തിൽ അൽ അഹ്ലിയ യൂണിവേഴ്സിറ്റി മീഡിയ ആന്‍റ് പബ്ലിക് റിലേഷൻസിലെ വിദ്യാർഥികളും അർഹരായി.
പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മികവുറ്റ പത്ര പ്രവർത്തകർക്ക് ആദരവ് നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആല ഖലീഫക്ക് ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അന്നുഐമി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.