/sathyam/media/media_files/2026/02/14/untitled-2026-02-14-13-39-00.jpg)
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 'ഭാരത് മേള' വെള്ളിയാഴ്ച ഗ്രീൻ ഐലൻഡിൽ ആവേശകരമായി നടന്നു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ഭദ്രദീപം തെളിയിച്ച് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ തനിമയും പ്രവാസി സമൂഹത്തിന്റെ ഐക്യവും ഒത്തുചേർന്നപ്പോൾ ഗ്രീൻ ഐലൻഡ് ഒരു കൊച്ചു ഇന്ത്യയായി മാറി.
ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ പരമിത ത്രിപാഠി ഭാരത് മേള പോലുള്ള ആഘോഷങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/02/14/untitled-2026-02-14-13-39-49.jpg)
ഇന്ത്യൻ സമൂഹത്തെ പരസ്പരം കൂടുതൽ അടുപ്പിക്കാനും ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം കുവൈറ്റിൽ പ്രദർശിപ്പിക്കാനും ഇത്തരം വേദികൾ അത്യന്താപേക്ഷിതമാണെന്ന് സ്ഥാനപതി ഓർമ്മിപ്പിച്ചു. ഒപ്പം ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഊഷ്മളമായ സൗഹൃദ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മലയാളി അടക്കമുള്ള പ്രവാസി സമൂഹത്തിന് ആവേശമായ ഈ ആഘോഷം സാംസ്കാരിക വൈവിധ്യങ്ങളുടെയും സൗഹൃദത്തിന്റെയും വിളംബരമായി മാറി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും സംഗീതവും സുഗന്ധവ്യഞ്ജനങ്ങളുടെ മണവും ചേർന്ന് ഗ്രീൻ ഐലൻഡിനെ ഉത്സവലഹരിയിലാഴ്ത്തി.
പ്രവാസി ഇന്ത്യക്കാർക്കൊപ്പം തന്നെ നിരവധി കുവൈറ്റ് പൗരന്മാരും വിദേശികളും മേളയുടെ ഭാഗമായി. കാശ്മീർ മുതൽ കേരളം വരെയുള്ള വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ അണിനിരന്ന ഫുഡ് സ്റ്റാളുകൾ സന്ദർശകരുടെ പ്രധാന ആകർഷണമായി.
/filters:format(webp)/sathyam/media/media_files/2026/02/14/untitled-2026-02-14-13-40-15.jpg)
ഇന്ത്യയുടെ തനതായ കൈത്തറി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും പരിചയപ്പെടുത്തുന്ന പ്രദർശന വിപണന ശാലകളും മേളയുടെ മാറ്റുകൂട്ടി. കുവൈറ്റിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെ സജീവ പങ്കാളിത്തം മേളയെ ഒരു വലിയ ജനകീയ ഉത്സവമാക്കി മാറ്റി.
എംബസിയുടെ ഈ സംരംഭം പ്രവാസി സമൂഹത്തിന് ഒത്തുചേരാനും സ്വന്തം നാടിന്റെ സംസ്കാരം ആഘോഷിക്കാനുമുള്ള മികച്ച അവസരമാണ് ഒരുക്കിയതെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us