യുഎഇ വിസ നിയമങ്ങളില്‍ മാറ്റം

New Update
Tttg

ദുബായ്: യുഎഇ യിലെ വിസ നിയമങ്ങളില്‍ മാറ്റം വരുത്തി യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്ററംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി. പുതുതായി നാല് സന്ദര്‍ശക വിസ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment

നിര്‍മിതബുദ്ധി, വിനോദം, ഇവന്‍റുകള്‍, ക്രൂയിസ് കപ്പലുകള്‍, വിനോദ സഞ്ചാര ബോട്ടുകള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ക്കാണ് പുതിയ വിസകള്‍ അനുവദിച്ചിട്ടുള്ളത്.

മറ്റ് പ്രധാന മാറ്റങ്ങള്‍

ഹ്യുമാനിറ്റേറിയന്‍ റെസിഡന്‍സ് പെര്‍മിറ്റ്: പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തെ കാലാവധിയുള്ള ഹ്യുമാനിറ്റേറിയന്‍ റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും വ്യവസ്ഥയുണ്ട്.

വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള താമസാനുമതി: ഇത് പ്രകാരം വിദേശ പൗരന്‍റെ വിധവയ്ക്കോ വിവാഹമോചിതയ്ക്കോ ഒരു വര്‍ഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള വിസിറ്റ് വിസ: മൂന്നാം തലമുറയിലുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സ്പോണ്‍സറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

ബിസിനസ് എക്സ്പ്ളൊറേഷന്‍ വിസ: യുഎഇയില്‍ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവര്‍ക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയില്‍ ഓഹരി ഉടമസ്ഥതയുള്ളവര്‍ക്കോ, അല്ലെങ്കില്‍ പ്രഫഷനല്‍ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ക്കോ ഈ വിസ ലഭിക്കും.

ട്രക്ക് ഡ്റൈവര്‍ വിസ: സ്പോണ്‍സറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നീ വ്യവസ്ഥകളുണ്ടെങ്കില്‍ ഈ വിസ ലഭിക്കും.

യുഎഇയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വ് നല്‍കുന്നതിനും പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകര്‍ഷിക്കുന്നതിനും ഈ പുതിയ വിസ നിയമങ്ങള്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.

Advertisment