/sathyam/media/media_files/2025/01/09/ZROLBm6VamZHxc7J5xO1.jpg)
കുവൈറ്റ്: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 7 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി. ഇവരില്‍ 6 പേര്‍ സ്വദേശികളും ഒരാള്‍ ഈജിപ്റ്റ് സ്വാദേശിയുമാണ്.
ഒരു സ്വദേശി പൗരന്റെ വധശിക്ഷ റദ്ദു ചെയ്തു. ഇരയുടെ കുടുംബത്തിന്നു നല്‍കേണ്ട ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന് കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷയില്‍ നിന്നും ഇളവ് നല്‍കിയത് എന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
ക്രിമിനല്‍, അപ്പീല്‍, കാസേഷന്‍ കോടതികള്‍ എന്നിവയിലെ നിയമപരമായ മൂന്നു തലത്തിലുള്ള വ്യവഹാരങ്ങള്‍ തീര്‍പ്പാക്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത്.
കുറ്റവാളികളുടെ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ശിക്ഷ നടപ്പാക്കാന്‍ അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ക്രിമിനല്‍ എക്‌സിക്യൂഷനുമായി ബന്ധപ്പെട്ട സംവിധാനം ഒരുക്കിയത്.
മെഡിക്കല്‍ സംഘവും മറ്റ് ഉദ്യോഗസ്ഥരും വധശിക്ഷ നടപ്പാക്കല്‍ പ്രക്രിയയില്‍ സജീവമായി പങ്കാളികളായിരുന്നു. കഴിഞ്ഞ വര്‍ഷം 2024 സെപ്തംബര്‍ 5നാണ് കുവൈത്തില്‍ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. 6 പേരുടെ വധശിക്ഷയാണ് സെന്‍ട്രല്‍ ജയിലില്‍ നടപ്പിലാക്കിയത്
അതിനു മുന്‍പ് 2022 നവംബറില്‍ 7 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. കുവൈത്തില്‍ വധശിക്ഷയെക്കുറിച്ചുള്ള നടപടി ക്രമങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവെങ്കിലും ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതില്‍ ഭരണകൂടം ഉറച്ച നിലപാട് സ്വീകരിക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.