Advertisment

ഗസൽ പെയ്ത്തിൽ മനം നിറഞ്ഞ് ദമ്മാം ; ഡബ്ല്യുഎംസിയുടെ 'മമകിനാക്കൾ' നവ്യാനുഭൂതിയായി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
fgvhgv6543

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ അൽ ഖോബാർ പ്രൊവിൻസ്, ജൂൺ 7ന്‌ വൈകിട്ട് ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച്‌ സംഘടിപ്പിച്ച 'മമകിനാക്കൾ കോർത്ത് കോർത്ത്' എന്ന ഗസൽവിരുന്ന് കിഴക്കൻ പ്രവശ്യയിലെ സംഗീത പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചു.

Advertisment

പാടിയും പറഞ്ഞും മലയാളത്തിന്റെ സ്വന്തം 'ഗസലിണകൾ' എന്നറിയിപ്പെടുന്ന റാസയും ബീഗവും മണിക്കൂറോളം ഗസലിന്റെ മാന്ത്രികതയിൽ ആസ്വാദക മനസ്സിനെ അക്ഷരാർത്ഥത്തിൽ കുളിരണിയിച്ചു. 'ഓമലാളെ നിന്നെയോർത്ത്‌' എന്നൊരു പാട്ട് കൊണ്ട് പ്രശസ്തിയുടെ കൊടുമുടി താണ്ടിയ റാസ ബീഗം സ്വന്തം പാട്ടിന്റെ കലവറ കൊണ്ട് മലയാളത്തിന്റെ സംഗീത ഭൂമികയിൽ കൃത്യമായ ഒരിടം അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കിഴക്കൻ പ്രവശ്യ ഈ ഗസൽ സന്ധ്യയിലൂടെ നേർക്കുനേർ സാക്ഷ്യം വഹിക്കുകയായിരുന്നു.

ഹിന്ദുസ്ഥാനി സംഗീതധാരയിലെ ലളിതവും സുന്ദരവുമായ രൂപ ഭാവമുള്ള ഗസലെന്ന പദ്യശാഖയെ മലയാള ഭാഷക്ക്‌ പരിചിതമാക്കിയ മഹാരഥന്മാരായ ഉമ്പായിക്ക, ബാബുക്ക ,ഭാസ്‌കരൻ മാഷ് , ഷഹബാസ്, നജ്മൽ ബാബു, സത്യജിത് തുടങ്ങിയ അതി പ്രശസ്തമായ പ്രഗത്ഭർ , പാടിയും എഴുതിയും അനശ്വരമാക്കിയ ഗാനങ്ങളുടെ അകമ്പടിയിൽ റാസ ബീഗം 'മമകിനാക്കൾ കോർത്ത് കോർത്ത്' എന്ന ഗസൽ സന്ധ്യയെ അവിസ്മരണീയമാക്കി.

ഉറുദു ഗസലിന്റെ ചക്രവർത്തി മെഹ്ദി ഹസന്റെയും ജഗ്ജിത് സിങ് , തലത്ത്‌ മഹ്മൂദ്‌, ഗുലാം അലി, റാഫി , മുകേഷ്, പങ്കജ് ഉദാസ് എന്നിവരുടെയുമൊക്കെ സംഗീതത്തെ അനുസ്മരിപ്പിച്ച് ഗസൽ സന്ധ്യയിൽ പ്രണയവും വിരഹവും കോർത്തിണക്കി കൊണ്ട് ആസ്വാദക മനസ്സിൽ ഗസലിന്റെ പെരുമഴ പെയ്യിക്കാൻ റാസ ബീഗത്തിന് സാധിച്ചു.

ഇലയില്ലെങ്കിൽ, കണ്ണോണ്ടൊരു കൊളുത്ത്‌, മഴ ചാറുമിടവഴിയിൽ , നീയെറിഞ്ഞ കല്ല് പാഞ്ഞ്‌, ഒരുപുഷ്‌പം മാത്രമെൻ ‌,യേ രാത്തെ യേ മോസം, ഇങ്ങനെ നിരവധിയായ മധുരമനോഹര ഗാനങ്ങൾ കോർത്തിണക്കി 3 മണിക്കൂറോളമാണ് ഗായകർ സദസ്സിനെ സംഗീതലോകത്ത് പിടിച്ചിരുത്തിയത്.

റാസ ബീഗം ബാന്റിലെ പ്രശസ്തരായ ഗിറ്റാറിസ്റ്റും ഉമ്പായിക്കയുടെ മകനുമായ സമീർ ഉമ്പായിയുടെയും, ചെറുപ്രായത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ വയലിനിസ്റ്റ് വിവേക് രാജയുടേയും , യുവ തബല വിദ്വാൻ സമീൽ സിക്കാനിയുടേയും വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പ്‌ പരിപാടിക്ക് ഇരട്ടി മധുരം നൽകി.

നാട്ടിൽ നിന്ന് ബാന്റിനൊപ്പം വന്ന സൗണ്ട് എഞ്ചിനീയർ സൽജാസ് കൊണ്ടോട്ടിയുടെ കൃത്യമായ ശബ്ദനിയന്ത്രണം മികവുറ്റ ആസ്വാദനവും സമ്മാനിച്ചു.

സൗദി ഗവർമെന്റിന്റെ അനുമതിയോടെ കിഴക്കൻ പ്രവശ്യയിൽ സമർപ്പിച്ച പരിപാടിക്ക് wmc അൽ കോബാർ പ്രസിഡണ്ട്‌ ഷമീം കാട്ടാക്കട ,ജനറൽ സിക്രട്ടറി ദിനേശ് പേരാമ്പ്ര, ചെയർമാൻ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസ കോയ, മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡണ്ട് നജീബ് അരഞ്ഞിക്കൽ, ട്രഷറർ അജിം ജലാലുദ്ദീൻ മറ്റ് ഭാരവാഹികളായ  സാമുവൽ ജോൺ, അഭിഷേക് സത്യൻ , ദിലീപ് കുമാർ, നവാസ് സലാഹുദ്ദീൻ, ഗുലാം ഫൈസൽ, കൺവീനർ നിഷാദ് കുറ്റ്യാടി, വനിതാ വിഭാഗം ഭാരവാഹികളായ ഷംല നജീബ്, അനു ദിലീപ് , രതി നാഗ മുതലായവർ നേതൃത്വം നൽകി.

Advertisment