കുവൈത്ത്: കുവൈത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ നായ, പൂച്ച പോലെയുള്ള വളർത്തുമൃഗങ്ങളെ അമിതമായി പരിപാലിക്കുന്ന കാരണത്താൽ വിഹാഹ മോചനങ്ങൾ കൂടിവരുന്നതായി റിപ്പോർട്ട്.
ഭർത്താവ് അല്ലെങ്കിൽ ഭാര്യ ഇത്തരം ജീവികളെ അമിതമായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്‌തതിനാൽ 2023 ൽ രാജ്യത്ത് സ്വദേശി ദമ്പതികൾക്കിടയിൽ 40 വിവാഹ മോചന കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് വാർത്ത പ്രസിദ്ധീകരിച്ചത് .
ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ ഭാര്യക്കെതിരെ ഭർത്താവ് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് കൂടുതൽ വിവാഹ മോചന കേസുകൾ അറിയാനായത്. വളരെ മുമ്പേ അമേരിക്ക, യൂറോപ്പ് പോലെയുള്ള പാശ്ചാത്യ നാടുകളിൽ ആളുകൾക്കിടയിൽ പ്രചാരമുള്ള ഹോബിയാണ് കുവൈത്തിലെ സ്വേദേശികൾക്കിടയിലേക്ക് പടർന്നതെന്നാണ് മനസ്സിലാക്കാനായത്.
വീട്ടിൽ നായയെയോ പൂച്ചയെയോ വളർത്തുന്നതിനാൽ ദമ്പതികളെന്ന നിലയിൽ തനിക്ക് ഇണയിൽ നിന്ന് ലഭിക്കേണ്ട സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന് ഭർത്താക്കന്മാരും ഭാര്യമാരും പരാതിപ്പെടുന്നത് കൂടിവരികയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്.
തന്നോട് അല്പ നേരം സംസാരിക്കാൻ സമയം കണ്ടെത്താത്ത ഭാര്യ അവളുടെ നായയോട് കൊഞ്ചിക്കുഴയാനും അവയെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും സമയം പാഴാക്കുകയാണെന്നാണ് വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്ത ഒരു സ്വദേശി കോടതിൽ പറഞ്ഞത് .
ഭർത്താവിനെതിരെ സമാനമായ പരാതികൾ ഭാര്യമാരും നൽകി. അത് പിന്നീട് വിവാഹ മോചനത്തിലെത്തിയ നിരവധി സംഭവങ്ങളാണ് രാജ്യത്തുണ്ടായത്.