കുവൈത്ത്: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ നിലവിലെ തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് തൊഴിൽ മാറ്റം നടത്തുന്നതിനു പുതിയ നിയന്ത്രണം ഏർപ്പെടുത്തി.
മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം ഏജൻസികൾ മുഖേനെ റിക്രൂട്ട് ചെയ്യപ്പെട്ട ഗാർഹിക തൊഴിലാളിയുടെ തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പ് അധികൃതർ അറിയാതെ മറ്റൊരു സ്പോൺസർക്ക് കൈമാറുകയാണെങ്കിൽ തൊഴിൽ കരാറിലെ വാറന്റി നഷ്ടമാകും.
നിലവിലെ തൊഴിലുടമടയുടെ കീഴിൽ ജോലി ചെയ്യാൻ തൊഴിലാളി താല്പര്യപ്പെടുന്നില്ലെങ്കിൽ മാനവ ശേഷി സമിതി, ഗാർഹിക തൊഴിലാളി റിക്രൂറ്റിങ് വിഭാഗം എന്നീ ഏജൻസികളെ അറിയിക്കുകയും പുതിയ തൊഴിലുടമയുടെയും തൊഴിലാളിയുടെയും റിക്രൂട്മെന്റ് ഏജൻസിയുടെയും സാന്നിധ്യത്തിൽ പുതിയ തൊഴിൽ കരാർ ഒപ്പ് വെക്കുകയും ചെയ്യണം.
റിക്രൂട്മെന്റ് ഏജൻസികൾ മുഖേനെ എത്തിയ തൊഴിലാളി ആറ് മാസ കാലയളവിൽ ജോലിയിൽ തുടരാൻ വിസമ്മതിച്ചാൽ, തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോൺസർ നൽകിയ ഫീസ് വീണ്ടെടുക്കാനുള്ള തൊഴിലുടമയുടെ അവകാശം ഉറപ്പുനൽകുക എന്നത് കൂടി ലക്ഷ്യമാക്കിയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.