ദുബായ്: നഗരത്തിലെ നിരത്തുകളിലൂടനീളം എഐ ക്യമാറ സ്ഥാപിച്ച് ദുബായ്. 17 നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ ഈ ക്യാമറകള്‍ക്കാവുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എഐ ക്യാമറ അത് കണ്ടെത്തും.
ഏത് പ്രതികൂലസാഹചര്യത്തിലും വസ്ത്രവും സീറ്റ് ബെല്‍റ്റും തമ്മിലുള്ള വ്യത്യാസം കണ്ടെത്താന്‍ കഴിയുന്ന റഡാറുകളാണ് ക്യാമറയില്‍ ഉള്ളത്. ശബ്ദം കൂട്ടാന്‍ എന്‍ജിനില്‍ ഭേദഗതി വരുത്തിയാലും പിടിക്കപ്പെടും.
കൈകളുടെ ചലനം നിരീക്ഷിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയന്ന് കണ്ടെത്താനും ക്യാമറകള്‍ക്ക് കഴിയും. ഇത്തരത്തില്‍ 17 നിയമലംഘങ്ങള്‍ എഐ ക്യാമറകള്‍ക്ക് കണ്ടെത്താനാകുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
നിയമലംഘനം കണ്ടെത്തിയാല്‍ അതിന്റെ ഫോട്ടോയോ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളോ പകര്‍ത്തി പിഴ ചുമത്തും. ക്യാമറയ്ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ദുബായ് പൊലീസിന്റെ ആപ് മുഖേന പരാതിപ്പെടാം.
ഇന്‍ഫ്രാ റെഡ് ഇമേജിങ് ടെക്‌നോളജിയാണ് ഫോട്ടോയെടുക്കാനായി ഉപയോഗിക്കുന്നത്. യാത്രക്കാരുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഇത് സഹായിക്കുമെന്ന് ദുബായ് പൊലീസിലെ ട്രാഫിക് ടെക്‌നോളജീസ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അലി കരാം അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം വിവിധയിടങ്ങളില്‍ പരീക്ഷിച്ച് പ്രവര്‍ത്തനം ഫലപ്രദമാണെന്ന് ഉറപ്പ് വരുത്തിയശേഷമാണ് എമിറേറ്റിലുടനീളം ഇവ സ്ഥാപിച്ചത്.
എന്നാല്‍ എവിടെയൊക്കെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. മിക്ക ക്യാമറകളും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 400 ദിര്‍ഹവും നാല് ബ്ലാക് പോയിറ്റുമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലുള്ള പിഴ.
എന്‍ജിന്റെ ശബ്ദം 95 ഡെസിബലില്‍ കൂടിയാല്‍ 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിറ്റുകളും ചുമത്തും. അമിതവേഗത്തിന് 300 മുതല്‍ 3000 ദിര്‍ഹം വരെയാണ് പിഴ. വാഹനം പിടിച്ചെടുക്കുകയും ബ്ലാക് പോയിറ്റ് ചുമത്തുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയ്‌ക്കൊപ്പം 4 ബ്ലാക്ക് പോയിറ്റുകളും ചുമത്തും. വര്‍ഷത്തില്‍ 24 ബ്ലാക്ക് പോയിറ്റില്‍ കൂടിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.