കുവൈറ്റ്: കുവൈറ്റിൽ ഈ വാരാന്ത്യം മുഴുവൻ ചൂടേറിയ കാലാവസ്ഥയും പൊടിക്കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനം കാരണമാണ് ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ അനുഭവപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.
വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 15 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതാണ് പൊടിക്കാറ്റ് തുടരുന്നതിനുള്ള പ്രധാന കാരണം.
അതിനാൽ, പുറത്തിറങ്ങുമ്പോൾ പൊടിയിൽ നിന്നും ചൂടിൽ നിന്നും സംരക്ഷണം നേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.