/sathyam/media/media_files/Itxsu9ILw3LVVlZrCQ68.jpg)
ജിദ്ദ: നാലു പതിറ്റാണ്ടിലേറെക്കാലമായി നാട്ടിലെ മത- സാമൂഹ്യ - സാംസ്കാരിക- സേവന രംഗത്ത് സഹായ ഹസ്തമായി പ്രവർത്തിക്കുന്ന വേങ്ങര അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ ഇരുമ്പുചോല മഹല്ല് - ജിദ്ദ കമറ്റി വാർഷിക ജനറൽ ബോഡി യോഗവും ഈദ് സ്നേഹ സംഗമവും നടത്തി.
ശറഫിയ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പണ്ഡിതനും പ്രഭാഷകനും ജിദ്ദ എസ് ഐ സി ഭാരവാഹിയുമായ അൻവർ ഹുദവി കുറ്റാളൂർ ഉദ്ഘാടനം ചെയ്‌തു.
വിശുദ്ധ റമദാനിൽ നോമ്പ് എടുത്തതിലൂടെയും മറ്റു ആരാധന കർമങ്ങൾ വഴിയും നേടിയെടുത്ത ആത്മവിശുദ്ധി പരസ്പര സ്നേഹ ബന്ധങ്ങൾ വീണ്ടെടുക്കുവാനും, നാട്ടിലെ മത മൈത്രിയും പൂർവികർ കാത്ത് സൂക്ഷിച്ച മഹത്തായ പാരമ്പര്യവും സംരക്ഷിക്കാനും ഈദ് സുഹൃദ് സംഗമം കരുത്താവണമെന്നും പെരുന്നാൾ സന്ദേശം നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
നാട്ടിലെ പാവങ്ങൾക്കും അശരണർക്കും സഹായം ചെയ്യുന്ന മഹല്ല് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാ പരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പ്രസിഡന്റ് മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു.
കമ്മറ്റിയുടെ പ്രവർത്തന - സാമ്പത്തിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ശിഹാബ് പാറക്കാട്ട് അവതരിപ്പിച്ചു. ദമാമിൽ നിന്നെത്തിയ പ്രധിനിധി ഒ. സി നവാസ് വീശിഷ്ടാതിഥിയായി രുന്നു. ഇ. കെ അസീസ് ഹാജി, ഒ.സി ലത്തീഫ് ഹാജി, അബ്ദുൽ മജീദ് കാവുങ്ങൽ, മുനീർ പുള്ളിശ്ശേരി, ഒ. സി സൈദ് (കംഫർട്ട് ടൂർസ് & ട്രാവൽസ് മാനേജർ), അസീസ് കൊടശ്ശേരി, ആരിഫ് ചെമ്പൻ, ജെബിൻ കാടേങ്ങൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കാവുങ്ങൽ അബ്ദുൽ മജീദിന് കമ്മറ്റിയുടെ സ്നേഹോപഹാരം സംഗമത്തിൽ വെച്ച് പ്രസിഡണ്ട് മുസ്തഫ ചെമ്പൻ സമ്മാനിച്ചു.
ബഷീർ കാവുങ്ങൽ, ഫഹദ് പുതുക്കിടി, കാവുങ്ങൽ ഇസ്മായിൽ, എം. കെ അബൂബക്കർ സിദ്ദിഖ്, നസീം ചോലക്കൻ, ഹുസ്സൈൻ കാവുങ്ങൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ഇ.കെ മുജഫർ സ്വാഗതവും ശിഹാബ് പാറക്കാട്ട് നന്ദിയും പറഞ്ഞു.
1980 ൽ ഇരുമ്പ് ചോല മഹല്ല് ജിദ്ദ കമ്മിറ്റി നിലവിൽ വന്നത് മുതൽ പെരുന്നാൾ ദിനത്തിൽ സൗഹൃദ സംഗമം നടത്തി വരുന്നുണ്ട്.