ദുബായ്: ദുബായ് അന്തര്‍ദേശീയ വിമാനത്താവളത്തിനു സമീപം സജ്ജീകരിച്ചിട്ടുള്ള എയര്‍ ടാക്സിയുടെ ആദ്യ സ്റേറഷന് ദുബായ് ഇന്‍റര്‍നാഷണല്‍ വെര്‍ട്ടിപോര്‍ട് അഥവാ ഡിഎക്സ്വി എന്ന പേര് നല്‍കി.ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.യുഎഇയുടെ ആദ്യത്തെ വാണിജ്യ വെര്‍ട്ടിപോര്‍ട്ടായ ഡിഎക്സ്വിയുടെ രൂപകല്‍പ്പനക്ക് നേരത്തെ അഥോറിറ്റി അംഗീകാരം നല്‍കിയിരുന്നു.
അടുത്ത വര്‍ഷം ആദ്യ പാദം എയര്‍ ടാക്സികള്‍ പ്രവര്‍ത്തനം തുടങ്ങും. പറക്കും ടാക്സികളുടെ ടേക്ക് ഓഫ്, ലാന്‍ഡിംഗ്, സര്‍വീസ് എന്നിവയ്ക്കായിട്ടാണ് വെര്‍ട്ടി പോര്‍ട്ടുകള്‍ നിര്‍മിക്കുന്നത്.
ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ), ജോബി ഏവിയേഷന്‍ എന്നിവയുമായി സഹകരിച്ച് സ്കൈപോര്‍ട്ട്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നആദ്യ ഘട്ട എയര്‍ ടാക്സി വെര്‍ട്ടി പോര്‍ട്ട് ശൃംഖലയിലെ നാലെണ്ണത്തില്‍ ആദ്യത്തേതാണ് ഡിഎക്സ്വി.
മൂന്ന് നിലകളില്‍ 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള, ഡിഎക്സ്വി യിലെ പ്രത്യേക ടേക്ക് ഓഫ്, ലാന്‍ഡിംഗ് മേഖലയില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സൗകര്യം, പ്രത്യേക യാത്രക്കാര്‍ക്കുള്ള സ്ഥലം, സുരക്ഷാ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഇടം എന്നിവയും ഉണ്ടായിരിക്കും. പ്രതിവര്‍ഷം 42,000 ലാന്‍ഡിംഗുകളും 170,000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷി ഡിഎക്സ്വിക്ക് ഉണ്ടായിരിക്കും.
ഓരോ ലാന്‍ഡിങ് മേഖലയിലും ഫാസ്ററ് ചാര്‍ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദ്രുതഗതിയില്‍ ബാറ്ററികള്‍ റീചാര്‍ജുകള്‍ പ്രാപ്തമാക്കും.