/sathyam/media/media_files/BO7s36D9nAt3yPbmzW3y.jpg)
മനാമ: ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ജി.സി.സി റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. 250 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്നതാണ് പദ്ധതി.
ആഗോളതലത്തിൽ മൂന്നാമത്തെ വലിയ മെഗാ പദ്ധതിയായിരിക്കുമിത്. ട്രാൻസ്-യൂറോപ്യൻ ട്രാൻസ്പോർട്ട് നെറ്റ്വർക്ക് (600 ബില്യൺ ഡോളർ) നിയോം സിറ്റി (500 ബില്യൺ ഡോളർ) എന്നിവ മാത്രമാണ് ഇതിലും വലിയ പദ്ധതികൾ.
കിങ് ഹമദ് കോസ്വേ കടന്ന് സൗദിയിലേക്ക് 21 കിലോമീറ്ററും ബഹ്റൈനിലേക്ക് 24 കിലോമീറ്ററും ഗൾഫ് റെയിൽവേ വ്യാപിക്കും. ഈ ലൈൻ ജി.സി.സി റെയിൽവേ ശൃംഖലയുമായി സംയോജിപ്പിക്കും.
കുവൈത്ത് ദമ്മാം വഴിയാണ് പാത ബഹ്റൈനിലെത്തുന്നത്. ദമ്മാമിൽനിന്ന്, ഖത്തറിനെ ബഹ്റൈനുമായി സൽവ ബോർഡർ ക്രോസിങ് വഴി ബന്ധിപ്പിക്കും.
2030 ഡിസംബറിൽ യാഥാർഥ്യമാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി ബഹ്റൈനിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയിരുന്നു.
ജനാബിയ, റാംലി, നുവൈദ്രത്ത്, മുഹറഖ് എന്നിവിടങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നുണ്ട്. യു.എ.ഇയും സൗദിയുമാണ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിരിക്കുന്നത്.
യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീറ്റർ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീറ്റർ പൂർത്തിയായി.
സുഹാർ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിന് ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്.