ജിദ്ദ: ആറ് ഗൾഫ് രാജ്യങ്ങളെ റെയിൽ മാർഗം ബന്ധിപ്പിക്കുന്ന പദ്ധ്വതി 2030 ഡിസംബറിൽ പൂർത്തിയായേക്കും. ഇതിനുള്ള നീക്കങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് റെയിൽവേ കാര്യങ്ങളിൽ വിദഗ്ധരായ റെയിൽവേ ജേർണൽ വെബ്സൈറ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ജി സി സി റെയിൽവേ പദ്ധ്വതി ഇയ്യിടെ വീണ്ടും സജീവ വിഷയമാവുകയായിരുന്നു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജി സി സി) യുടെ കമ്മിറ്റി ഓഫ് ട്രാൻസ്പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രിമാരുടെ കമ്മിറ്റി ഇയ്യിടെ പദ്ധ്വതിയോടുള്ള പ്രതിബദ്ധത ഇയ്യിടെ വീണ്ടും സ്ഥിരീകരിച്ചതായി റെയിൽവേ ജേർണൽ വെളിപ്പെടുത്തുന്നു. കൂടാതെ, കഴിഞ്ഞ വർഷം സ്ഥാപിതമായ ഗൾഫ് റെയിൽവേ അതോറിറ്റിയുടെ 2024 ലെ ബജറ്റ് മന്ത്രിമാരുടെ കമ്മിറ്റി അംഗീകരിച്ചതായും വെബ്‌സൈറ്റ് തുടർന്നു..
ആസൂത്രണം ചെയ്ത റെയിൽവേ പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ആദ്യഘട്ടത്തിൽ റെയിൽവേ ചരക്ക് ഗതാഗതത്തിനായിരിക്കും ഉപയോഗിക്കുകയെന്നും യാത്രക്കാരുടെ ഗതാഗതം പിന്നീടുള്ള ഘട്ടത്തിലായിരിക്കുമെന്നും ജേർണൽ നൽകുന്ന സൂചന.
വൈദ്യുതി ഉപയോഗിച്ചായിരിക്കില്ല ഗൾഫ് റെയിൽവേ പ്രവർത്തിപ്പിക്കുക. പകരം, ചരക്ക് ഗതാഗതത്തിന് മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ ഡീസൽ ലോക്കോമോട്ടീവുകളായിരിക്കും ഉപയോഗിക്കുക, പാസഞ്ചർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 220 കിലോമീറ്റർ വരെയുമെത്തും.
2045 ഓടെ പ്രതിവർഷം 95 ദശലക്ഷം ടൺ ചരക്കുകളും 8 ദശലക്ഷം യാത്രക്കാരും ജി സി സി റെയിൽ പാതയിലൂടെ വഹിക്കുമെന്നാണ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ പ്രതീക്ഷ.
2009 ലായിരുന്നു സൗദി അറേബ്യ, ഒമാൻ, കുവൈത്, യു എ ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങലെ റെയിൽ വഴി ബന്ധിപ്പിക്കാനുള്ള പദ്ധ്വതിയുടെ ആദ്യ അംഗീകാരം. 2018 ൽ പദ്ധതി പൂർത്തിയാവേണ്ടതായിരുന്നെങ്കിലും ആദ്യം മുതലേ തലപൊക്കിയ പ്രായോഗികവും മറ്റുമായ പ്രതിസന്ധികൾ സാക്ഷാത്കാരം പിറകോട്ടടിപ്പിക്കുകയായിരുന്നു.