കുവൈത്ത് സിറ്റി: യുണൈറ്റഡ് നേഷൻസ് ടൂറിസം ഓർഗനൈസേഷൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2023 ലെ 'ഗ്ലോബൽ ടൂറിസ്റ്റ് വിസ ഓപ്പൺനെസ്' സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന്റെ സ്ഥാനം ഏറ്റവും പിന്നില്‍. ടൂറിസ്റ്റ് വിസകള്‍ എളുപ്പത്തില്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് സൂചികയിലുള്ളത്.
ഗള്‍ഫില്‍ യുഎഇയാണ് സൂചികയില്‍ ഒന്നാമത്. 67.80 പോയിന്റാണ് യുഎഇയ്ക്ക ലഭിച്ചത്. ബഹ്‌റൈൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തൊട്ടുപിന്നിൽ. ഗള്‍ഫ് മേഖലയില്‍ അവസാന സ്ഥാനത്തുള്ള കുവൈത്തിന് ലഭിച്ചത് 12.96 പോയിന്റാണ്. 0 മുതൽ 100 വരെ സ്കെയിലിൽ രാജ്യങ്ങളെ സൂചിക റേറ്റുചെയ്യുന്നു. ഉയര്‍ന്ന പോയിന്റുള്ള രാജ്യങ്ങളിലാണ് ടൂറിസ്റ്റ് വിസ എളുപ്പത്തില്‍ ലഭിക്കുന്നത്.
മിഡിൽ ഈസ്റ്റിൽ വിസ സൗകര്യമൊരുക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗത (traditional ) വിസ ആവശ്യമുള്ള യാത്രക്കാരുടെ ശതമാനം 2015-ൽ 71% ആയിരുന്നത് 2023-ൽ 57% ആയി കുറഞ്ഞു. കൂടാതെ, അതേ കാലയളവിൽ ഇലക്ട്രോണിക് വിസ ലഭ്യത 10% ൽ നിന്ന് 15% ആയി വർദ്ധിച്ചു, വിസ ഓൺ അറൈവൽ ലഭ്യത 17% ൽ നിന്ന് 24% ആയി ഉയർന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ പരസ്പര വിസ ഇളവുകളുടെ നിരക്ക് 2018-ൽ 2% ആയിരുന്നത് 2023-ൽ 87% ആയി ഉയർന്നു.