റിയാദ് : ഗൾഫ് നാടുകളിൽ നീറ്റ് സെന്ററുകൾ നിർത്തലാക്കിയത് പ്രതിഷേധാർഹമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്). ഇന്ത്യക്ക് പുറത്ത് അനുവദിച്ചിരുന്ന നീറ്റ് സെന്ററുകൾ ഇത്തവണ ഒഴിവാക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ജിഎംഎഫ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം അനുവദിച്ച പോലെ ഇക്കൊല്ലവും ജി.സി.സി രാജ്യങ്ങളിലും, മറ്റു സെന്ററുകളിലും നിലനിർത്തണം എന്നും ജിഎംഎഫ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ, റിയാദിലെ എംബസി, നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്നിവയ്ക്ക് അടിയന്തര സന്ദേശം അയച്ചതായി ജിഎംഎഫ് ചെയർമാൻ റാഫി പാങ്ങോട് , ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി, ജി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സന്തോഷ് കെ നായർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര , സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ രാജു പാലക്കാട്, റിയാദ് പ്രസിഡന്റ് ഷാജി മഠത്തിൽ, റിയാദ് സെക്രട്ടറി ഷെഫീന, വൈസ് സെക്രട്ടറി സജീർ ചിതറ, റിയാദ് കോർഡിനേറ്റർ പി.എസ്. കോയ എന്നിവർ അറിയിച്ചു.
ഗൾഫ് നാടുകളിൽ കഴിയുന്ന സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്കു നീറ്റ് പരീക്ഷ എഴുതാൻ അവസരം ഉണ്ടാകണം. ഇത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന അവഗണന കൂടി ആണ്. ഒട്ടനവധി പ്രവാസി കുടുംബങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രയാസം നേരിട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.