Advertisment

ട്രാഫിക് പിഴ അടക്കാതെ ഇനി ഖത്തര്‍ വിടാനാവില്ല, നേരത്തെ അടക്കുന്നവർക്ക് 50% പിഴ ഇളവ്, വിവിധ നിയമ പരിഷ്‌ക്കാരങ്ങളുമായി ഖത്തർ

author-image
ഗള്‍ഫ് ഡസ്ക്
New Update
qatar-announces-new-traffic-rules.webp

ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകള്‍, ഗതാഗത നിയമങ്ങള്‍, വാഹന ലൈസന്‍സിംഗ് നിയമങ്ങള്‍ തുടങ്ങിയവയില്‍ സമഗ്ര ഭേദഗതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവയില്‍ ചില നിയമങ്ങള്‍ മെയ് 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റു ചില നിയമങ്ങള്‍ ജൂണ്‍ ഒന്ന്, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ നിലവില്‍ വരും. ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഇനത്തില്‍ കുടിശ്ശികയുള്ള വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും യാത്രാനിരോധനം, ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിക്കല്‍, വാഹന ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, 25-ലധികം യാത്രക്കാരുള്ള ബസുകള്‍ക്കുള്ള ലെയ്ന്‍ മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പുതിയ വ്യവസ്ഥകള്‍.

പുതിയ നിയമപ്രകാരം, 2024 സെപ്റ്റംബര്‍ ഒന്ന് മുതല്‍, ട്രാഫിക് പിഴകളും കുടിശ്ശികയും അടയ്ക്കാതെ വ്യക്തികള്‍ക്കോ വാഹനങ്ങള്‍ക്കോ രാജ്യത്തിന് പുറത്തേക്ക് പോവാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുപ്രകാരം, ട്രാഫിക് നിയമ ലംഘകര്‍ക്ക് കര, വായു, കടല്‍ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്യണമെങ്കില്‍ കുടിശ്ശിക സഹിതം ട്രാഫിക് പിഴകള്‍ അടയ്ക്കണം. മെട്രാഷ് 2 ആപ്പ്, ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ്, ട്രാഫിക് വിഭാഗം ഓഫീസുകള്‍, ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നിവ വഴി പിഴകള്‍ അടക്കാം.

രാജ്യത്ത് നിന്ന് പുറത്തുകടക്കുന്ന വാഹനങ്ങള്‍ക്കും ഇതേ നിയമം ബാധകമാണ്. പുതിയ വ്യവസ്ഥ പ്രകാരം വാഹനങ്ങൾ രാജ്യത്തിന് പുറത്ത് കടക്കണമെങ്കിൽ എക്സിറ്റ് പെർമിറ്റ് എടുക്കണം. പെര്‍മിറ്റ് ലഭിക്കുന്നതിന്, വാഹനത്തിന് ട്രാഫിക് ലംഘനങ്ങളൊന്നും ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ. ട്രാഫിക് പിഴകൾ ഉള്ളവർ അവ പൂർണ്ണമായും തീർത്ത ശേഷം മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. എവിടേക്കാണ് പോകുന്നത് എന്ന കാര്യം മുൻകൂട്ടി അറിയിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. പെർമിറ്റിന് അപേക്ഷിക്കുന്നത് വാഹനത്തിന്റെ ഉടമയായിരിക്കണം. അല്ലെങ്കില്‍ രാജ്യത്തിന് പുറത്ത് പോകാനുള്ള ഉടമയുടെ അനുവാദം വ്യക്തമാക്കുന്ന സമ്മതപത്രം ഹാജരാക്കണം. ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും വെഹിക്കിള്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല.

Advertisment