റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്‌ദുൾ റഹീമിന്റെ മോചനം വൈകും.
മോചനത്തിന്റെ കാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല. റിയാദിലെ ക്രിമിനൽ കോടതി കേസ് പതിനൊന്നാം തവണയും മാറ്റി വച്ചു. തിങ്കളാഴ്ച രാവിലെ 8 .30 ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ജയിലിൽ നിന്ന് അബ്‌ദുൾ റഹീമും പ്രതിഭാഗം അഭിഭാഷകരും ഓൺലൈൻ കോടതിയിൽ പങ്കെടുത്തു.
2006 നവംബർ 28ന് 26-ാം വയസിൽ റിയാദിലെത്തിയ അബ്‌ദുൾ റഹീം, ഡിസംബർ 24ന് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരണപ്പെട്ട കേസിലാണ് ജയിലിലാകുന്നത്.
റിയാദിലെ ഇസ്കാൻ ജയിലിൽ റഹീം 19 വർഷമായി തടവിലാണ്. എന്നാൽ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു.