ദുബായ്: മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് എൻജിനീയറിങ് കൺസൽറ്റന്റ് ഓഫിസുകളുടെ ലൈസൻസ് ദുബായ് മുനിസിപ്പാലിറ്റി മരവിപ്പിച്ചു. ഈ സ്ഥാപനങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതും മുനിസിപ്പാലിറ്റി വിലക്കി.
കെട്ടിട നിർമാണ, തൊഴിൽ മാനദണ്ഡങ്ങൾ ഈ കൺസൽറ്റന്റ് ഓഫീസുകൾ പാലിച്ചില്ല എന്ന അന്വേഷണത്തിൽ വ്യക്‌തമായതോടെയാണ് കർശന നടപടി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
എന്നാൽ ഇത് ഏതൊക്കെ ഓഫിസുകൾ ആണെന്ന് വെളിപെടുത്താൻ അധികൃതർ തയ്യറായില്ല. പ്രഫഷനൽ മികവ് പുലർത്താൻ എൻജിനീയറിങ് മേഖലയിലെ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കാൻ മുനിസിപ്പാലിറ്റിക്ക് പ്രത്യേക വിഭാഗമുണ്ട്. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്