/sathyam/media/media_files/8JVi714UL0aotbrGUjfV.jpg)
മക്ക: ഹജ്ജ് കമ്മിറ്റി മുഖേനയുള്ള മലയാളി ഹാജിമാരുടെ ആദ്യസംഘം ചൊവാഴ്ച കാലത്ത് മക്കയിലെത്തി.
പുലർച്ചെ അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ എത്തിയ ഹാജിമാർ വിമാനത്താളത്തിലെ നടപടികൾ പൂർത്തിയാക്കി മുത്തവ്വഫുമാർ ഏർപ്പെടുത്തിയ ബസ്സുകളിലാണ് പുണ്യ മണ്ണിൽ വന്നിറങ്ങിയത്.
166 ഹാജിമാർ അടങ്ങുന്ന സംഘത്തിൽ 80 പേർ വനിതകളാണ്. ഹജ്ജ് ടെര്മിനലിലും മക്കയിലും ഊഷ്മളമായ വരവേൽപ്പാണ് മലയാളി ഹാജിമാർക്ക് ലഭിച്ചത്. നാട്ടുകാർക്കും ബന്ധുക്കൾക്കും ഇന്ത്യൻ ഹജ്ജ് ഉദ്യോഗസ്ഥർക്കും പുറമെ സന്നദ്ധ സംഘടനകൾ ഹാജിമാരുടെ സ്വീകരണ പരിപാടികളിൽ താരങ്ങളായി.
മക്കയിൽ അസീസിയ ഏരിയയിലുള്ള മഹത്വത്തിൽ ബങ്കിലെ കെട്ടിട നമ്പർ 182 ലാണ് ആദ്യമെത്തിയ 166 തീർഥാടകർക്കും താമസസൗകര്യം ഒരുക്കിയിരുന്നത്.
ഹജ്ജ് സർവിസ് കമ്പനിയുടെയും സന്നദ്ധ സംഘടനകളുടെയും വക ഭക്ഷണം, ഗിഫ്റ്റ് കിറ്റുകൾ, ഈത്തപ്പഴം തുടങ്ങിയവകളും ഹാജിമാർക്ക് കൈമാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ മലയാളി സന്നദ്ധ സംഘടനകളുടെ ബാനറുകളിലായി നൂറു കണക്കിന് വളണ്ടിയർമാർ ആദ്യ സംഘത്തെ സ്വീകരിക്കാൻ മക്കാ അസീസിയ താമസ കേന്ദ്രത്തിൽ എത്തിയിരുന്നു.
താമസ സ്ഥലത്തെ വിശ്രമത്തിന് ശേഷം ഹജ്ജ് വളണ്ടിയർമാർക്കൊപ്പം ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സിൽ ഹാജിമാർ ആദ്യ ഉംറ നിർവഹിക്കാനായി ഏകദേശം ഏഴു കിലോമീറ്റർ അകലെയുള്ള മസ്ജിദുൽ ഹറമിലേക്ക് പോയി.
കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ഹജ്ജ് കമ്മിറ്റി തീർത്ഥാടകർ പുറപ്പെടുന്നുണ്ട്. മേയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നുമാണ് ഇത്തവണത്തെ ഹജ്ജ് വിമാനങ്ങളുടെ തുടക്കം.