/sathyam/media/media_files/iyFM41Cb2n3wimndgKQh.jpg)
ജിദ്ദ: വെള്ളിയാഴ്ച ഇറ്റലിയിൽ ആരംഭിക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
ഹജ്ജ് സംബന്ധിച്ച തിരക്കും അക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളതു കൊണ്ടുമാണ് ഉച്ചകോടിയിൽ സംബന്ധിക്കാൻ കഴിയാത്തതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയ്ക്ക് വ്യാഴാഴ്ച്ച അയച്ചുകൊടുത്ത സന്ദേശത്തിൽ എം ബി എസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഈ വർഷത്തെ വിശുദ്ധ ഹജ്ജിലെ കർമങ്ങൾ പാരമ്യത്തിലെത്തുന്നത്. ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) ഉച്ചകോടിയുടെ ആശയവിനിമയ സെഷനിൽ പങ്കെടുക്കാൻ തൻ്റെ രാജ്യത്തിന് ലഭിച്ച ക്ഷണത്തിന് സൗദി കിരീടാവകാശി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ നന്ദി രേഖപ്പെടുത്തി.
സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഊന്നിപ്പറഞ്ഞു, ഉച്ചകോടിയുടെ വിജയത്തിന് എം ബി എസ് ആശംസകൾ നേർന്നു. 2024 ജൂൺ 14- നാണു ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തിരശീല ഉയരുന്നത്.