/sathyam/media/media_files/2025/11/25/untitled-2025-11-25-12-10-48.jpg)
കുവൈത്ത്: ഭക്ഷ്യ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന മേഖലയിൽ ജോലി ചെയ്യുന്ന 350-ൽ അധികം വിഭാഗം തൊഴിലാളികൾക്ക് വാർഷിക ആരോഗ്യക്ഷമത പരിശോധന നിർബന്ധമാക്കി കുവൈത്ത് മാനവ ശേഷി പൊതു സമിതി. തിങ്കളാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
ഗൾഫ് ബ്യൂറോ ഫോർ ക്ലാസിഫിക്കേഷൻ ആൻഡ് ഡിസ്ക്രിപ്ഷൻ ഓഫ് ഒക്യുപേഷൻസിൽ നിന്നുള്ള വർക്ക് പെർമിറ്റുകളും ഔദ്യോഗിക അംഗീകാരങ്ങളും നൽകുന്നതിനുള്ള ചട്ടങ്ങളിലെ ആർട്ടിക്കിൾ (32) അടിസ്ഥാനമാക്കിയാണ് പുതിയ നിർദ്ദേശം നടപ്പാക്കിയത്.
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിവിധ മേഖലകളിലെ 350-ലധികം തൊഴിൽ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള പട്ടികയാണ് പുതുതായി പുറത്തിറക്കിയത്.
പരിശോധന നിർബന്ധമാക്കിയ പ്രധാന തൊഴിൽ വിഭാഗങ്ങൾ:
പുതുക്കിയ പട്ടികയിൽ ഉൾപ്പെട്ട എല്ലാ വിഭാഗം തൊഴിലാളികളും പരിശോധനയ്ക്ക് വിധേയരാകണമെന്ന് മാനവ ശേഷി സമിതി വ്യക്തമാക്കി. പ്രധാനമായും താഴെ പറയുന്ന തൊഴിൽ വിഭാഗങ്ങൾ ഈ പരിധിയിൽ വരും:
* ഭക്ഷണം പാചകം ചെയ്യുന്നവരും തയ്യാറാക്കുന്നവരും: പാചകക്കാരൻ, ഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികൾ, ബേക്കർമാർ.
* ഭക്ഷ്യ സംസ്കരണ രംഗത്തുള്ളവർ: ഭക്ഷ്യ സംസ്കരണ യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർ, ക്ഷീര, മാംസ ഉൽപ്പന്ന നിർമ്മാതാക്കൾ.
* വിൽപ്പന, കൈകാര്യം: പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ ഉത്പന്നങ്ങൾ, ജ്യൂസുകൾ,മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ നേരിട്ട് വിൽപ്പന നടത്തുന്നവരും കൈകാര്യം ചെയ്യുന്നവരും.
* കാർഷിക മേഖല: കർഷകർ, കന്നുകാലി, കോഴി വളർത്തൽ കേന്ദ്രങ്ങളിലെ ജീവനക്കാർ, ഭക്ഷ്യ ഉൽപ്പാദന രംഗത്തെ എല്ലാവിധ തൊഴിലാളികളും.
* പരിശോധനയും മേൽനോട്ടവും: പോഷകാഹാര വിദഗ്ധർ, ഗുണനിലവാര പരിശോധകർ, സാങ്കേതിക വിദഗ്ധർ, റെസ്റ്റോറന്റുകളുടെയും ഭക്ഷ്യ ഫാക്ടറികളുടെയും സൂപ്പർവൈസർമാർ.
* വിതരണ മേഖല: ഭക്ഷണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗതാഗത, വിതരണ തൊഴിലാളികൾ.
നിയമലംഘകർക്കെതിരെ കർശന നടപടി:
ഈ ഉത്തരവ് ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ യോഗ്യതയും തൊഴിൽ സാഹചര്യങ്ങളോടുള്ള അനുസരണവും കൃത്യമായി പരിശോധിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പരിശോധനാ സംഘങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.
നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ജീവനക്കാരുടെ ആരോഗ്യ ക്ഷമത ലൈസൻസുകളുടെ സാധുത ഉറപ്പാക്കണമെന്ന് തൊഴിലുടമകളോട് അധികൃതർ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us