/sathyam/media/media_files/6Mx3707jdUDyjgvKYyN7.jpg)
റിയാദ് : വാഹനാപകടത്തെ തുടർന്ന് തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം കൊല്ലം പുനലൂർ സ്വദേശി ജെറി ജോർജ് (57) റിയാദിൽ മരണമടഞ്ഞു. പുനലൂർ ചെമ്മന്തൂർ മനാട്ട് വീട്ടിൽ ജോർജ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
റമദാൻ 17ന് എക്സിറ്റ് 18 ലെ ഇസ്‌തംബൂൾ സ്ട്രീറ്റിലെ സിഗ്നലിൽ വെച്ച് ജെറി ഓടിച്ചിച്ചിരുന്ന വാഹനത്തിന് പിറകിൽ മറ്റൊരു വാഹനം ഇടിക്കുകയും ജെറിയുടെ വാഹനം മുന്നിലുള്ള വാഹനത്തിൽ ഇടിച്ച് ഇരുവാഹനങ്ങൾക്കുമിടയിൽ അകപ്പെടുകയുമായിരുന്നു. പിന്നീട് അഗ്നിശമന വിഭാഗം വാഹനം പൊളിച്ചാണ് ജെറിയെ പുറത്തെടുത്തത്
ഇരു കാലുകൾക്കും ഗുരുതരമായ പരിക്കേറ്റ ജെറി കഴിഞ്ഞ ഒരു മാസത്തോളമായി അൽ ഇമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ച ഡിസ്‌ചാർജ് വാങ്ങി നാട്ടിൽ പോകുന്നതിനായി ലീവ് അടിച്ചിരിക്കെയാണ് മരണം നടന്നത്.
റിയാദ് ബത്ഹയിലെ ആർഎംആർ കാർഗോ കമ്പനിയിൽ 6 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സാറാമ്മ ഏകമകൾ അലീന മറിയം.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. മറ്റ് അനുബന്ധ ചെലവുകൾ കമ്പനി വഹിച്ചു. എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.