/sathyam/media/media_files/1ydpYKhD0XUcCnIp460n.jpg)
ജിദ്ദ: കഴിഞ്ഞ ഒക്ടോബറിൽ ഫലസ്തീനിലെ ഗസ്സ കേന്ദ്രമായി ആരംഭിച്ച ഹമാസ് - ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടൽ പ്രദേശങ്ങളിലും സംഘർഷം നിറഞ്ഞുനിൽക്കേ ഒരു അമേരിക്കൻ എം ക്യു - 9 ആളില്ലാ സൈനിക വിമാനത്തെ വെടിവച്ചിട്ടതായി യമനിലെ ഇറാൻ അനുകൂല ഹൂഥി വിഭാഗത്തിന്റെ സൈനിക വക്താവ് യഹ്യ സാരി വെള്ളിയാഴ്ച അറിയിച്ചു.
രാജ്യത്തിൻ്റെ തെക്ക് സ്ഥിതിചെയ്യുന്ന മആരിബ് ഗവർണറേറ്റിന് മുകളിൽ വെച്ചാണ് വിമാനം തകർത്തതെന്നും ഷിയാ സായുധ വിഭാഗം വാക്താവ് തുടർന്നു.
പ്രാദേശികമായി നിർമ്മിച്ച ഭൂതല മിസൈൽ ഉപയോഗിച്ചാണ് അവർ അമേരിക്കൻ ഡ്രോണിനെ വിജയകരമായി ലക്ഷ്യമിട്ട് തകർത്തെന്നും ഹൂഥി വാക്താവ് കൂട്ടിച്ചേർത്തു. തങ്ങളുടെ അവകാശ വാദത്തിന് സാധുത തെളിയിച്ചു കൊണ്ട് ഡ്രോൺ വീഴ്ത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഹൂഥികൾ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിന് ഫലസ്തീനിലെ ഗസ്സയ്ക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങുകയും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അതിനു പരിപൂർണ പിന്തുണ നൽകുകയും ചെയ്ത ശേഷം ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്ന ഹൂഥി വിഭാഗം വെടിവെച്ചിടുന്ന അമേരിക്കയുടെ ഇത്തരം നാലാമത്തെ ഡ്രോൺ ആണ് വെള്ളിയാഴ്ച നിലംപൊത്തിയത്.
വടക്കൻ യമനിലെ സഅദ ഗവർണറേറ്റിൽ വെച്ച് കഴിഞ്ഞ ഏപ്രിൽ മറ്റൊരു അമേരിക്കൻ എം ക്യു - 9 ഡ്രോൺ ഹൂഥികൾ തകർത്തിരുന്നു.
ചെങ്കടൽ കടക്കുന്ന നിരവധി ഇസ്രായേൽ അനുകൂലമായ കപ്പലുകളും ഹൂഥികളുടെ ആക്രമണങ്ങൾക്ക് വിധേയമായിരുന്നു. തുടർന്ന്, ചെങ്കടലിലൂടെയുള്ള നാവിക ഗതാഗതം സുരക്ഷിതമാക്കുകയെന്ന ഉദ്യേശത്തോടെ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ ഇസ്രായേൽ അനുകൂല രാജ്യങ്ങൾ ഹൂഥി കേന്ദ്രങ്ങളിൽ വ്യാപകമായി ആക്രമണം അഴിച്ചു വിടുകയും ചെയ്തിരുന്നു.
ഇസ്രായേലിലേക്ക് ചെങ്കടലിലൂടെ വന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ഹൂഥി ആക്രമണം മൂലം ആഫ്രിക്കയിലെ ഗുഡ്ഹോപ് മുനമ്പ് ചുറ്റിയാണ് കപ്പലുകൾ സഞ്ചരിക്കുന്നത്.
മദ്രാസിൽ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് പോയ ഇന്ത്യൻ കപ്പലിന് സ്പെയിൻ ഇടത്താവളം അനുമതി നിഷേധിച്ചതും അതിലൂടെ ഇസ്രയേലിലേക്കുള്ള ഇന്ത്യയുടെ ആയുധ സഹായ വിവരവും വാർത്തയായതും ഇതേ സാഹചര്യത്തിലാണ്.