ദുബായ് കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്ക് പ്രവാസി തൊഴിലാളികള്‍ക്കായി ആശുപത്രി

New Update
Mnbcdfh

ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഓര്‍മക്കായി ദുബായില്‍ തൊഴിലാളികള്‍ക്കായി യുഎഇ~ഇന്ത്യ സൗഹൃദ ആശുപത്രി സ്ഥാപിക്കുന്നു. ബ്ളൂ കോളര്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയായിരിക്കും ദുബായില്‍ പ്രവര്‍ത്തിക്കുന്നത്.

Advertisment

ദുബായ് ഹെല്‍ത്തും ആശുപത്രിയുടെ സ്ഥാപക ട്രസ്ററികളായി പ്രവര്‍ത്തിക്കുന്ന അഞ്ച് ഇന്ത്യന്‍ സംരംഭകരുടെ സംഘവും സംയുക്തമായിട്ടാണ് ആശുപത്രി സ്ഥാപിക്കുന്നത്. മുംബൈയില്‍ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ സംരംഭകരും ദുബായ് ഹെല്‍ത്തിന്‍റെ സിഇഒ ഡോ. അമര്‍ ഷെരീഫുംഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. കെഫ് ഹോള്‍ഡിംഗ്സിന്‍റെ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടികോളന്‍ , അപ്പാരല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നിലേഷ് വേദ്, ബ്യൂമെര്‍ക്ക് കോര്‍പ്പറേഷന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ഇഎഫ്എസ് ഫെസിലിറ്റീസ് വൈസ് ചെയര്‍മാന്‍ താരിഖ് ചൗഹാന്‍, ട്രാന്‍സ്വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ രമേശ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ആശുപത്രിയുടെ സ്ഥാപക ട്രസ്ററിമാര്‍. യുഎഇ ~ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ~ യുഎഇ ചാപ്റ്റര്‍ അംഗങ്ങളാണ് ഈ സംരംഭകര്‍.

ഷെയ്ഖ് ഹംദാന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വെര്‍ച്വല്‍ യുഎഇ~ഇന്ത്യ വ്യാപാര ഇടനാഴിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങള്‍, ലോജിസ്ററിക്സ്, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള എട്ട് ധാരണാപത്രങ്ങളില്‍ ഷെയ്ഖ് ഹംദാനും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവച്ചു. മുംബൈയില്‍ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്.

ഇന്ത്യയുടെ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ അടിസ്ഥാന സൗകര്യ, കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിംഗ് സ്ഥാപനമായ ആര്‍ഐടിഇഎസുമായി ഡിപി വേള്‍ഡ് ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഡിപി വേള്‍ഡിന്‍റെ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം, ആര്‍ഐടിഇഎസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ മിത്തല്‍ എന്നിവര്‍ ഒപ്പുവച്ച ഈ കരാര്‍, പ്രതിരോധ ശേഷിയുള്ളതും സാങ്കേതിക തികവുള്ളതുമായ വിതരണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനും ആധുനിക ലോജിസ്ററിക്സും സമുദ്ര ശേഷികളും മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തിയത്.