പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും നിലവിലെ സാഹചര്യം: വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അറിയിപ്പ്

ഈ രാജ്യങ്ങളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പ്രാദേശിക അധികാരികൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു

New Update
iran

ഡൽഹി: പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കി.

Advertisment

ഈ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന, പ്രത്യേകിച്ച് ട്രാൻസിറ്റ് വിസയിലോ ചുരുങ്ങിയ കാലയളവിലേക്കോ സന്ദർശനത്തിന് എത്തിയ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിരന്തരമായി സാഹചര്യം നിരീക്ഷിച്ചുവരികയാണ്.

ഈ രാജ്യങ്ങളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പ്രാദേശിക അധികാരികൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. കൂടാതെ, ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും കൃത്യസമയത്ത് നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം.


ഇന്ത്യൻ പൗരന്മാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഓരോ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ഇതിനായി ഒരു പ്രത്യേക കൺട്രോൾ റൂം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.


ഈ സഹായകേന്ദ്രങ്ങളുടെ പൂർണ്ണവിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
മേഖലയിലെ ആകാശപരിധി ഭാഗികമായി തുറന്ന സാഹചര്യത്തിൽ, യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി വിദേശ വിമാനക്കമ്പനികളും ഇന്ത്യൻ വിമാനക്കമ്പനികളും വാണിജ്യ വിമാനങ്ങളും പ്രത്യേക വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.

മാർച്ച് 1 മുതൽ മാർച്ച് 7 വരെയുള്ള കാലയളവിൽ 52,000-ത്തിലധികം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ നിന്നും സുരക്ഷിതമായി നാട്ടിലെത്തിക്കഴിഞ്ഞു. ഇതിൽ 32,107 പേർ ഇന്ത്യൻ വിമാനങ്ങളിലാണ് മടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

നിലവിൽ വാണിജ്യ വിമാന സർവീസുകൾ ലഭ്യമല്ലാത്ത രാജ്യങ്ങളിൽ കുടുങ്ങിയവർ ഏറ്റവും അടുത്തുള്ള ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ട് യാത്രയ്ക്കുള്ള മറ്റ് സാധ്യതകളെക്കുറിച്ച് ഉപദേശം തേടേണ്ടതാണ്.

വിദേശത്തുള്ള ഓരോ ഇന്ത്യൻ പൗരന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും സാഹചര്യം ലഘൂകരിക്കാൻ അതാത് രാജ്യങ്ങളിലെ സർക്കാരുകളുമായി ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment