'ഉഗ്രകോപം' ആക്രമണത്തിൽ ഖമേയാനി മരിച്ചെന്ന് ഇസ്രയേൽ, ഇറാൻ നിഷേധിക്കുന്നു

New Update
H

ഇറാനിൽ ശനിയാഴ്ച്ച ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ 'ഉഗ്രകോപം' ആക്രമണത്തിൽ രാജ്യത്തെ ആധ്യാത്മിക-രാഷ്ട്രീയ പരമാധികാരി ആയത്തൊള്ള അലി ഖമേയാനിയുടെ നാലു കെട്ടിടങ്ങൾ തകർന്നു തരിപ്പണമായി. ഖമേയാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പറയുമ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി.

Advertisment

ഖമേയാനിയെ വധിച്ചു ഭരണമാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യം അമേരിക്കയോ ഇസ്രയേലോ മറച്ചു വച്ചിട്ടില്ല. 86 വയസുള്ള നേതാവ് എവിടെയാണെന്നു പക്ഷെ ആർക്കും അറിയില്ല.

പ്രസിഡന്റ് മസൂദ് പേസെസ്കിയാനും ലക്ഷ്യമായിരുന്നു. അദ്ദേഹത്തെ കുറിച്ച് വിവരമില്ല. ഇറാനിയൻ ഭരണകൂടത്തിൽ നിന്നുണ്ടാവുന്ന ഭീഷണികളിൽ നിന്ന് അമേരിക്കൻ ജനതയെ സംരക്ഷിക്കാനാണ് നേതാക്കളെ വധിക്കാൻ ശ്രമിച്ചതെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു.

ഉടൻ തിരിച്ചടിച്ച ഇറാൻ തങ്ങളുടെ പ്രഹരശേഷി തെളിയിച്ചു ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ആക്രമണം നടത്തി. അതോടെ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു.

ഈ ആക്രമണങ്ങളിൽ നാലു പേർ മരിച്ചതായി സിറിയ അറിയിച്ചു. അബുദാബിയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്.ബഹ്റൈനിൽ യുഎസ് താവളത്തിനു കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരണമുണ്ട്.

ഖത്തർ ഇറാനെ അപലപിച്ചു

ഇറാൻ വഞ്ചകരാണെന്നു ആരോപിച്ച ഖത്തർ അവരുടെ യുഎസ് സൈനിക താവളങ്ങളിൽ നടത്തിയ ആക്രമണത്തെ അപലപിച്ചു. ഇറാൻ അനാവശ്യമായി യുദ്ധം രൂക്ഷമാക്കുകയാണെന്നു ഖത്തർ വിദേശകാര്യ വകുപ്പ് പറഞ്ഞു തിരിച്ചടിക്കാൻ മടിക്കില്ല. നല്ല അയൽക്കാർ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഇറാൻ ചെയ്തത്.

Advertisment