ബൈറൂട്ട്: ലെബനനില്‍ 21 ദിവസം വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്ന യുഎസിന്റെയും ഫ്രാന്‍സിന്റെയും നിര്‍ദേശം ഇസ്രായേല്‍ തള്ളി. ലെബനന്‍ തലസ്ഥാനമായ ബൈറൂട്ടില്‍ ഉള്‍പ്പെടെ ആക്രമണം കടുപ്പിക്കുകയും ചെയ്തു.
കരയുദ്ധത്തിന് ഒരുങ്ങുകയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടത്. വെടിനിര്‍ത്തല്‍ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ്, എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.
ലബനനിലെ താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മീഖാത്തി വെടിനിര്‍ത്തല്‍ നിര്‍ദേശം സ്വാഗതംചെയ്തിരുന്നു. എന്നാല്‍, വെടിനിര്‍ത്തലിനോട് ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല.
ഇതിനു പിന്നാലെ, ബെയ്റൂട്ടിലെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ഡ്രോണ്‍ കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന്‍ സുറൂറിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. തെക്കന്‍ ബൈറൂട്ടിലെ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അല്‍ മനാര്‍ ടി.വി. സ്റേറഷനു നേരെയും ആക്രമണം നടത്തി.
ബുധനാഴ്ച അര്‍ധരാത്രി താമസ സമുച്ചയത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 23 സിറിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി ലബനന്‍ നാഷനല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി, ബെല്‍ജിയം, യു.കെ, റഷ്യ, ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.