/sathyam/media/media_files/2025/10/21/untitled-2025-10-21-11-21-25.jpg)
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല(ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന "നിറം 2025" ചിത്ര രചനാ മത്സരം നവംബർ 14 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് ശേഷം ഒരുമണിക്ക് ആരംഭിക്കും.
ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 137 -ആം ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആർട്ട്) കുവൈറ്റ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതൽ "നിറം" എന്ന നാമകരണത്തിൽ വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 21-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.
ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക.
ഗ്രൂപ്പ് എ - എൽ കെ ജി മുതൽ ഒന്നാം ക്ലാസ് വരെ, (1 മണിമുതൽ 2 വരെ)
ഗ്രൂപ്പ് ബി - രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, (2 മുതൽ 3:30 വരെ)
ഗ്രൂപ്പ് സി - അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, (2:30 മുതൽ 4:30 വരെ)
ഗ്രൂപ്പ് ഡി - എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ. (2:30 മുതൽ 4:30 വരെ)
ആദ്യത്തെ രണ്ടു ഗ്രൂപ്പുകൾക്ക് ക്രയോണ്സും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവർക്ക് വാട്ടർ കളറുകളും ഉപയോഗിക്കാം.
ഇത് മത്സരാര്ത്ഥികൾ കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നല്കും. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കൾക്കും സന്ദര്ശകർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ക്യാൻവാസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കും സമ്മാനം നേടാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ഓൺലൈൻ റെജിസ്ട്രേഷൻ നവംബർ 10-ആം തിയ്യതിവരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 67042514, 66114364, 60073419, 66790143, 97219439 എന്നീ നമ്പറുകൾ വഴിയും ബന്ധപ്പെടാവുന്നതാണെന്നും കുവൈറ്റിലെ പ്രഗത്ഭ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കുമെന്നും കല(ആർട്ട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് പി. കെ. ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, നിറം-2025 പ്രോഗ്രാം ജനറൽ കൺവീനർ ജിയാഷ് അബ്ദുൾ കരീം എന്നിവർ അറിയിച്ചു.