/sathyam/media/media_files/2025/03/20/h3Iac6G9xMw81iNIlcBq.jpg)
കുവൈത്ത്: മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയിലെ വാര്‍ത്താവിനിമയ, സാങ്കേതിക വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിക്ക് സമ്മാനിക്കും.
പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവര്‍ത്തന ശൈലിയും പാര്‍ലമെന്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെഎസ്യുവിലൂടെ പൊതു രംഗത്ത് എത്തിയ കെ.സി നിരവധി തവണ എം.പിയും എം.എല്‍.എ യുമായി സംസ്ഥാന മന്ത്രിസഭാ അംഗവും കേന്ദ്രമന്ത്രി സഭാ അംഗവുമായി സ്തുത്യര്‍ഹമായ സേവനത്തിലൂടെ പടിപടിയായി ഉയര്‍ന്ന് ഇന്ന് ദേശീയ രാഷ്ട്രീയ രംഗത്ത് മലയാളിക്ക് അഭിമാനിക്കാവുന്ന സാന്നിധ്യവും ശബ്ദവുമായി മാറിയെന്ന് പുരസ്‌ക്കാര നിര്‍ണയ ജൂറി വിലയിരുത്തി.
സംഘടനാ രംഗത്ത് മികവുറ്റ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മികച്ച പ്രതിപക്ഷമായി ഉയര്‍ത്താനും വിവിധ പാര്‍ട്ടികളിലെ ദേശീയ നേതാക്കളെ നയചാതുരിയോടെ കൂട്ടിയിണക്കി ഇന്ത്യ മുന്നണിയെ ഐക്യത്തോടെയും കെട്ടുറപ്പോടെയും ഒരുമിച്ച് ചേര്‍ത്ത് കൊണ്ടു പോകാനും കെ.സി വഹിക്കുന്ന പങ്ക് വലുതാണ്.
രാജ്യം വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കെ.സിയുടെ ശബ്ദം മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷാ നിര്‍ഭരമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.
മുന്‍ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡോ.ആസിഫ് അലി അദ്ധ്യക്ഷനും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാമേനോന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് കള്ളിവയലില്‍ എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്.
മെയ് മാസം കുവൈത്തില്‍ നടക്കുന്ന വിപുലമായ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കുവൈത്ത് ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ്, കുവൈത്ത് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, വൈസ് പ്രസിഡന്റ് ഡോ.എബി വരിക്കാട് എന്നിവര്‍ അറിയിച്ചു.