/sathyam/media/media_files/2025/02/09/FkTYPMLgmmhcPVLeCAlk.jpg)
കുവൈത്ത്: കോട്ടയം ഡിസ്ട്രിക് അസോസിയേഷന്‍ കുവൈത്തിന്റെ (കെഡിഎകെ) 9-ാം വാർഷിക സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ ഒരു ജന്മത്തിൽ രണ്ട് ജീവിതം പേറുന്നവരാണെന്നും മലയാളത്തോടും കേരളത്തോടും അഗാധമായ സ്നേഹമുള്ളവരായാണ് അവർ ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കേരളത്തിന്റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിർണായകമാണെന്നും, ഇന്നത്തെ കേരളത്തിന്റെ വികസനം അവരുടെ ദൗത്യഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിൽ പോലും ഒരു കുടുംബയോഗം സംഘടിപ്പിക്കാനുള്ള പ്രയാസമുള്ള സാഹചര്യത്തിൽ പ്രവാസലോകത്ത് മലയാളികൾ ഇത്രയും ഐക്യത്തോടെ ഒന്നിക്കുന്ന കാഴ്ച മനസ്സിന് കുളിർമ്മയേകുന്ന ഒന്നാണെന്നും ജോസ് കെ. മാണി പറഞ്ഞു.
'കോട്ടയം മഹോത്സവം 2025' പൊതു സമ്മേളനത്തിൽ കെഡിഎകെ പ്രസിഡണ്ട് ചെസ്സിൽ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അജിത്ത് സഖറിയ പീറ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണൻ മോഹൻ, ഹാരോൾഡ് മാത്യു, പ്രോഗ്രാം കൺവീനർ സാം നന്ത്യാട്ട്, ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു
പ്രവാസ സംരംഭകരെ ആദരിച്ചു
ചടങ്ങിൽ കോട്ടയം ജില്ലയിലെ സംരംഭകരായ സിവി പോൾ, സജി സക്കറിയ, സോണി സെബാസ്റ്റ്യൻ, ഷഫീക്ക് റഹ്‌മാൻ, കിഷോർ സെബാസ്റ്റ്യൻ, ഷിബു പോൾ, ഡൊമനിക് മാത്യു, മാത്യു ഫിലിപ്പ് തരകൻ, ജോബിൻ പി. ജോൺ, സുബി ജോൺ, അജിത് പണിക്കർ എന്നിവരെയും മാധ്യമപ്രവർത്തകൻ അനിൽ പി. അലക്സിനെയും ജോസ് കെ. മാണി മെമ്മോന്റോ നൽകി ആദരിച്ചു.
കായിക-കലാ രംഗത്തെ മികവിനുള്ള അംഗീകാരം
കായിക പ്രതിഭകളായ ഐറിൻ കിഷോർ ചൂരനേലി, ജെറമി നന്ത്യാട്ട്, എറിക് സിബി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെഡിഎകെ സംഘടിപ്പിച്ച നാടൻപന്തുകളി മത്സരത്തിൽ പേരൂർ ടീം ജസ്റ്റിൻ ക്യാപ്റ്റൻസിയിൽ വിജയിയായി. മീനടം ടീം റണ്ണറപ്പായി. ജിസിസി കപ്പ് ജേതാക്കൾക്കും (ക്യാപ്റ്റൻ ജോയൽ വർഗീസ്, വൈസ് ക്യാപ്റ്റൻ സാം നന്ത്യാട്ട്) ട്രോഫികൾ വിതരണം ചെയ്തു.
സംഗീത-കോമഡി കലാവിരുന്ന്
ചടങ്ങിന്റെ സമാപനമായി പ്രശസ്ത പിന്നണി ഗായകൻ ജീ വേണുഗോപാലും മകൻ അരവിന്ദ് വേണുഗോപാലും നയിച്ച ഗാനസന്ധ്യയും ചലച്ചിത്ര പിന്നണി ഗായിക നയന നായർ, ഗായകൻ വീപിൻ സേവിയർ, സ്റ്റാൻഡ്‌അപ്പ് കോമേഡിയൻ റെജി രാമപുരം എന്നിവരുടെ കലാവിരുന്നും അരങ്ങേറി.
പ്രോഗ്രാം ജനറൽ കൺവീനർ കെ.ജെ. ജോൺ നന്ദി രേഖപ്പെടുത്തി.