സഹോദരന്റെ ചികിത്സക്കായി പ്രവാസം സ്വീകരിച്ച രാജുവിന് കേളിയുടെ സഹായഹസ്തം

രാജുവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കേളി അൽഖർജ് ഏരിയ ജീവകകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ടിക്കറ്റിനാവശ്യമായ സാമ്പത്തികം കണ്ടെത്തി നൽകി.

New Update
keli Untitledgo

റിയാദ്:  ജ്യേഷ്ഠന്റെ ചികിൽസക്കായി ജോലിതേടി സൗദിയിലെത്തിയ കൊല്ലം ഇരവിപുരം സ്വദേശി രാജുചെല്ലപ്പന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി.

Advertisment

ക്യാൻസർ ബാധിതനായ സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് രാജു മൂന്ന് മാസം മുൻപ് സൗദിയിലെ അൽഖർജിൽ എത്തിയത്.

അലുമിനിയം ഫാബ്രിക്കേറ്റ് ജോലിക്കാരനായ രാജു ജോലിയിൽ പ്രവേശിക്കുകയും രണ്ടുമാസത്തോളമായി നല്ലരീതിയിൽ ജോലിയിൽ തുടരുകയും ചെയ്യുന്നതിനിടയിലാണ്, തിരുവനന്തപുരം ആർസിസി യിലുള്ള ജ്യേഷ്ഠന് അസുഖം മൂർച്ഛിച്ചതായും ഉടൻ നാട്ടിലെത്തണമെന്നും വീട്ടുകാർ അറിയിക്കുന്നത്.

ജോലിയിൽ പ്രവേശിച്ച് രണ്ടുമാസത്തിനുള്ളിൽ കമ്പനിയോട് അവധി ആവശ്യപ്പെട്ടെങ്കിലും കമ്പനി ആദ്യം വഴങ്ങിയില്ല. തുടർന്നാണ് സഹായത്തിനായി കേളിയെ സമീപിക്കുന്നത്.

കേളി അൽഖർജ് ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി കമ്പനിയുമായി സംസാരിക്കുകയും വിഷയങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കമ്പനി നാട്ടിൽ പോകാനുള്ള അനുവാദം നൽകിയെങ്കിലും ടിക്കറ്റ് നൽകിയില്ല.

രാജുവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കേളി അൽഖർജ് ഏരിയ ജീവകകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ടിക്കറ്റിനാവശ്യമായ സാമ്പത്തികം കണ്ടെത്തി നൽകി.

ചടങ്ങിൽ ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയംഗവും ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനറുമായ നാസർ പൊന്നാനി,  രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, സനയ്യ, സാബ യൂണിറ്റ് സെക്രട്ടറിമാർ, ഏരിയാ വൈസ് പ്രസിഡന്റ്  എന്നിവർ പങ്കെടുത്തു. യാത്രാ ടിക്കറ്റ് സ്വീകരിച്ച രാജു ചെല്ലപ്പൻ, കേളി  അംഗങ്ങൾക്ക് നന്ദി പറഞ്ഞു.

Advertisment