Advertisment

കോഴിക്കോട് ഗവർമെന്റ് ഡെർമറ്റോളജി ആശുപത്രി: തുടർ സഹായത്തിന് കേളി ധാരണാപത്രം കൈമാറി

കേളി പാചകക്കാരനെ നിയമിക്കുന്നത് വരെ ആശുപത്രി അന്തേവാസികൾ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന രീതിയായിരുന്നു തുടർന്നിരുന്നത്. രോഗത്താൽ അവശത അനുഭവിക്കുന്ന ഇവർ തന്നെ ഇത്തരം ജോലി കൂടി ചെയ്യേണ്ടി വരുന്നത് വളരെയധികം പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.

New Update
jiUntitledho

റിയാദ് : കേളി കലാ സാംസ്കാരിക വേദി കോഴിക്കോട് ഗവൺമെന്റ് ഡെർമറ്റോളജി ആശുപത്രിക്ക് നൽകിവരുന്ന പാചകക്കാരനുള്ള ശമ്പളം ഒരു വർഷം കൂടി തുടർന്ന് നൽകാനുള്ള ധാരണാപത്രം കൈമാറി.

Advertisment

കോഴിക്കോട് ചേവായൂരിലെ ആശുപത്രി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ അനൂപ് ബാലഗോപാലിന് ധാരണാപത്രം കൈമാറി.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ 'ഹൃദയപൂർവ്വം കേളി' ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ടു വർഷമായി കേളി ഈ സഹായം നൽകി വരുന്നു.

ചടങ്ങിൽ സീനിയർ ഡോക്ടർ മിനി രാജ, ഡെപ്യൂട്ടി നേഴ്സിങ് സൂപ്രണ്ട്  രജനി, സീനിയർ നേഴ്സിങ് സൂപ്രണ്ട് റഷീദ, ആശുപത്രി സ്റ്റാഫ് സബീഷ്, കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി,  മുൻ കേന്ദ്രകമ്മിറ്റി അംഗം  ഹസ്സൻകോയ പാറോപ്പടി, കേളി പ്രവർത്തകരായ റഫീക്ക് പാലത്ത്, നൗഷാദ് അൽ ഖർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് കേളി പ്രവർത്തകർ ആശുപത്രിയിലെ രോഗികളെ സന്ദർശിച്ചു. 55 രോഗികളാണ് നിലവിൽ ആശുപത്രിയിൽ അന്തേവാസികളായുള്ളത്. രോഗ മുക്തി നേടിയവരും ഉറ്റവർ സ്വീകരിക്കാത്തതിനാൽ ആശുപത്രിയിൽ തന്നെ തുടരുന്നതായും അധികൃതർ പറഞ്ഞു.

കേളി പാചകക്കാരനെ നിയമിക്കുന്നത് വരെ ആശുപത്രി അന്തേവാസികൾ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന രീതിയായിരുന്നു തുടർന്നിരുന്നത്. രോഗത്താൽ അവശത അനുഭവിക്കുന്ന ഇവർ തന്നെ ഇത്തരം ജോലി കൂടി ചെയ്യേണ്ടി വരുന്നത് വളരെയധികം പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.

പാചകക്കാരന്റെ ശമ്പളത്തിന് പുറമെ മാസത്തിൽ ഒരു ദിവസം അന്തേവാസികൾ ആവശ്യപ്പെടുന്ന ഭക്ഷണം കൂടി കേളി നൽകുന്നുണ്ട്.

ഇവിടുത്തെ  അന്തേവാസികൾക്കായി മറ്റു ചില പദ്ധതികൾ കൂടി കേളിയുടെ ആലോചനയിലുണ്ടെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു

Advertisment