കേളിയുടെ കൈത്താങ്ങ്: തിരുവനന്തപുരം സ്വദേശി ഏഴ് വർഷത്തിന് ശേഷം നാടണഞ്ഞു

New Update
keliiscc

റിയാദ്: ഡ്രൈവറായി ജോലിക്കെത്തി കൊറോണ മഹാമാരിയിൽ ജോലി നഷ്ടപെട്ട് ദുരിതത്തിലായ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായ്ക്കര സ്വദേശി പ്രേംകുമാറിന് റിയാദ് കേളി കലാസാംസ്കാരിക വേദി തുണയായി.  

Advertisment

2004ലാണ് പ്രേം കുമാർ ഒരു സ്വകാര്യ കമ്പനിയിലെ വിസയിൽ ഡ്രൈവറായി റിയാദിലെത്തുന്നത്. മാന്യമായ ശമ്പളവും അല്ലലില്ലാത്ത ജോലിയുമായി 13 വർഷം തുടർന്നു.  ഏഴു വർഷം മുൻപാണ്  അവസാനമായി  നാട്ടിൽ പോയത്. അവധി കഴിഞ്ഞുള്ള തിരിച്ചു വരവിൽ ചുവടുകൾ പിഴച്ചു തുടങ്ങി.

കമ്പനി നഷ്ടത്തിലായതിനെ തുടർന്ന് ജീവനക്കാരെ  പിരിച്ചുവിടാൻ തുടങ്ങുകയും ചെയ്തു. ഡ്രൈവറായതിനാൽ പിരിച്ചുവിടലിൽ നിന്നും താൽക്കാലികമായി പ്രേംകുമാറിനെ ഒഴിവാക്കി . ഇത്‌ കൊറോണ മഹാമാരി പൊട്ടിപുറപ്പെടുന്നത് വരെ തുടർന്നു.

കൊറോണക്കാലം കമ്പനി അടച്ചു പൂട്ടുകയും,  ജോലി നഷ്ടപെടുകയും നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലുമായി. 

ആറു മാസത്തോളം ജോലിയില്ലാതെ കഴിഞ്ഞ പ്രേം കുമാറിന്റെ ഇഖാമ കാലാവധിയും അവസാനിച്ചു. പിന്നീട് നിയമപാലകരുടെ കണ്ണിൽ പെടാതെ സാധ്യമായ ജോലികൾ എല്ലാം ചെയ്യുവാൻ തുടങ്ങി. നാലു വർഷത്തോളം ഇത്തരത്തിലുള്ള ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ട് പോവുകയും ചെയ്തു.

ഇതിനിടയിൽ അസുഖ ബാധിതനാവുകയും കയ്യിൽ കരുതിയിരുന്ന സാമ്പത്തികം തീരുകയും ചെയ്തതോടെ നിസ്സഹായനായ പ്രേംകുമാർ നാടണയാൻ കേളിയുടെ സഹായം തേടി.

കേളി സനയ്യ അർബെയിൻ ഏരിയ കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും  കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ സഹായത്തോടെ എംബസിയിൽ രജിസ്റ്റർ ചെയ്യുകയും മറ്റു നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിൽ പോകുന്നതിനുള്ള  എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്‌തു.  

പ്രേംകുമാറിന് നാട്ടിൽ പോകാനുള്ള ടിക്കറ്റ് കേളി  നൽകി. കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ  മൊയ്തീൻകുട്ടി ടിക്കറ്റും യാത്രാ രേഖകളും കൈമാറി.

ചടങ്ങിൽ രക്ഷാധികാരി കമ്മിറ്റി അംഗം വിജയകുമാർ, ഏരിയ സെക്രട്ടറി ജാഫർ ഖാൻ, ഏരിയ ട്രഷറർ സഹറുള്ള,  ബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറി  അബ്ദുൾ നാസർ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ  എന്നിവർ പങ്കെടുത്തു.

Advertisment