/sathyam/media/media_files/2026/03/06/untitled-2026-03-06-11-34-19.jpg)
ഗൾഫ് ബ്യുറോ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ മുസ്ലിം ലീഗിനകത്ത് സജീവമായിരിക്കെ, പ്രവാസ ലോകത്തെ പാർട്ടിയുടെ കരുത്തായ കെ.എം.സി.സി. പ്രവർത്തകരുടെ വികാരങ്ങളും പ്രതീക്ഷകളും നേതൃത്വം പരിഗണിക്കണമെന്ന് വേൾഡ് കെ.എം.സി.സി. ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ അഭ്യർത്ഥിച്ചു.
പാർട്ടിയുടെ വിവിധ കീഴ്ഘടകങ്ങൾക്ക് ഇക്കുറി മതിയായ പ്രാതിനിധ്യം നൽകാനുള്ള നേതൃത്വത്തിന്റെ നീക്കം മാതൃകാപരമാണെന്നും ഇതോടൊപ്പം പ്രവാസ മണ്ണിൽ പാർട്ടിക്കായി ജീവിതം സമർപ്പിച്ചവരെയും വിസ്മരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുസ്ലിം ലീഗിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ലക്ഷ്യങ്ങൾ പ്രവാസ ലോകത്ത് പ്രാവർത്തികമാക്കാൻ ഏറ്റവും കൂടുതൽ പ്രയത്നവും സമയവും ധനവും ചെലവഴിക്കുന്ന സംഘടനയാണ് കെ.എം.സി.സി.
പതിറ്റാണ്ടുകളായി മണൽാരണ്യങ്ങളിൽ പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും കാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പതിനായിരക്കണക്കിന് പ്രവർത്തകർ നിശബ്ദമായി സേവനം അനുഷ്ഠിച്ചു വരുന്നുണ്ട്.
സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമ്പോൾ ഇത്തരത്തിൽ ദീർഘകാലമായി സംഘടനാരംഗത്ത് സജീവമായ കെ.എം.സി.സി. പ്രവർത്തകരെ കൂടി പരിഗണിക്കണമെന്നാണ് പ്രവാസി സമൂഹത്തിന്റെ വിനീതമായ ആവശ്യം.
ഗൾഫ് മേഖലയിലെ വ്യാപാര-വാണിജ്യ രംഗത്തെ പ്രമുഖരെ വ്യക്തിപരമായ താല്പര്യപ്രകാരം പാർട്ടി പരിഗണിക്കുന്നതിനോട് എതിർപ്പില്ല.
എന്നാൽ ഇത്തരം പരിഗണനകളെ കെ.എം.സി.സി.യുടെ അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ, സംഘടനയുടെ ഔദ്യോഗിക പ്രവർത്തന പാതയിലൂടെ വളർന്നുവന്ന സാധാരണക്കാരായ പ്രവർത്തകരുടെ സേവനത്തെ മാനിക്കാനാണ് നേതൃത്വം തയ്യാറാകേണ്ടത്.
പ്രവാസ ലോകത്ത് പാർട്ടിയുടെ നട്ടെല്ലായി വർത്തിക്കുന്ന സാധാരണക്കാരായ കെ.എം.സി.സി. പ്രവർത്തകരുടെ ആത്മാർത്ഥതയും അവരുടെ വലിയ പ്രതീക്ഷകളും പാർട്ടി നേതൃത്വത്തിന്റെ സജീവ പരിഗണനയിൽ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവാസി ലോകമെന്നും പുത്തൂർ റഹ്മാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us