/sathyam/media/media_files/2025/03/04/HFxSb9ucXtu5o9Xgn29M.jpg)
കുവൈറ്റ്: കുവൈറ്റ് മലങ്കര റൈറ്റ് മൂവേമെന്റിന്റെ (കെഎംആർഎം) 31-ാം സ്ഥാപനദിനാഘോഷം 2025 മാർച്ച് 1-ന് സിറ്റി കോ-കത്തീഡ്രൽ ചർച്ചിൽ നടന്ന സമൂഹ ബലിയോടെയും, പൊതു സമ്മേളനത്തോടെയും സമാപിച്ചു.
കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം), കുവൈറ്റിലെ മലങ്കര കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരേഒരു സംഘടനയാണ്.
അംഗങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനും, സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരുടെ സേവനപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നതിനും ഇത് സമർപ്പിതമാണ്.
കെ. എം. ആർ. എം, സീറോ-മലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ പാരമ്പര്യം പരിപാലിക്കുന്നു.
ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ പുരാതന പൈതൃകത്തിൽ അടിയുറച്ച് നിലകൊള്ളുന്നു. അതിന്റെ സാമൂഹിക, സാംസ്കാരിക, ദാനധർമ്മ പ്രവർത്തനങ്ങളിലൂടെ, കുവൈറ്റിലെ അംഗങ്ങൾക്കിടയിൽ ഐക്യവും വിശ്വാസവും ശക്തമായ സമൂഹ ബോധവുമെല്ലാം വളർത്തുന്നു.
കർമ്മരീതി, ഭാഷ, മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലൂന്നിയ പ്രതിബദ്ധത, സീറോ-മലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം, കഴിഞ്ഞ 31 വർഷങ്ങളിലായി നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ദരിദ്രരെയും അനാഥരെയും സഹായിക്കാൻ ശ്രദ്ധേയമായി, സാമൂഹിക ബാധ്യതയോടുള്ള അതിന്റെ ഉറച്ച പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
രാത്രി 7:00 മണിക്ക് ആരംഭിച്ച ശുശ്രൂഷാ ഘോഷയാത്രയിൽ, ഏകതയും ഭക്തിയും പ്രതിഫലിപ്പിക്കുന്ന വെളുപ്പ് നിറമുള്ള വസ്ത്രധാരികളായ നിരവധി മലങ്കര വിശ്വാസികൾ പങ്കെടുത്തു.
31 വർഷങ്ങളിലെ അനുഗ്രഹങ്ങൾക്കും ദൈവത്തിൻ്റെ മാർഗദർശനത്തിനുമുള്ള കൃതജ്ഞതയോടെയാണ് ഈ ആഘോഷം നടത്തിയത്. സമൂഹബലി കുർബാന കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ. ഡോ. തോമസ് കാഞ്ഞിരമുകളിന്റെ മുഖ്യ കാർമികത്വത്തിൽ, റവ. ഫാ. ജോയ് മാത്യു മുണ്ടക്കൽ, റവ. ഫാ. തോമസ് ലിജു കളത്തിൽ എന്നിവർ ചേർന്ന് അർപ്പിച്ചു.
വിശുദ്ധ കുർബാനക്ക് ശേഷം, കെ.എം.ആർ.എം പ്രസിഡണ്ട് ഷാജി വർഗീസ് അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ, ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, പങ്കെടുത്ത വിശ്വാസികളെയും പുരോഹിതന്മാരെയും സ്വാഗതം ചെയ്യുകയും, കെഎംആർഎം ന്റെ ചരിത്രം, ലക്ഷ്യം, ആല്മീകവും സാമൂഹികവുമായ പ്രതിബദ്ധത, അതിന്റെ സ്ഥാപക നേതാക്കളുടെയും മുൻകാല നേതാക്കളുടെയും സംഭാവനകൾ എന്നിവ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 16 വർഷങ്ങളായി കെ.എം.ആർ.എമ്മിന് ആത്മീയ മാർഗനിർദേശവും പ്രാർത്ഥനാ പിന്തുണയും നൽകിയ വരുന്ന ആല്മീയ ഉപദേഷ്ടകരായ വൈദീക സ്രേഷ്ഠരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
ഷാജി വർഗീസ്, കെ.എം.ആർ.എം പതാക ഉയർത്തി ഔപചാരികമായി ആഘോഷം ഉദ്ഘാടനം ചെയ്യുകയും, മൂന്നു പുരോഹിതന്മാരും ചേർന്ന് ഓർമ്മക്കായി കേക്ക് മുറിക്കുകയും ചെയ്തു.
അതിനുശേഷം റവ. ഡോ. തോമസ് കാഞ്ഞിരമുകളിന്റെ സന്യാസ സമർപ്പണ പ്രസംഗത്തിൽ, ഈ മഹത്തായ ആഘോഷത്തിൽ തനിക്കു പങ്കുചേരാനുള്ള അവസരം ഒരുക്കിയ കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളോടുള്ള നന്ദി അറിയിക്കുകയും, 31-ആം വർഷത്തിൽ കുവൈറ്റിലെ സീറോ മലങ്കര കത്തോലിക്ക വിശ്വാസികൾക്ക് ശുശ്രുഷ ചെയ്യുവാൻ കഴിയുന്നതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്‌തു.
കെഎംആർഎം പ്രസിഡണ്ട് ഷാജി വർഗീസ്, കുവൈറ്റിലെ മലങ്കര വിശ്വാസികളുടെ അചഞ്ചല പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.
കെ.എം.ആർ.എമ്മിന്റെ നിലവിലെ നേട്ടങ്ങൾക്കു അതിന്റെ മുൻകാല നേതാക്കൾ നൽകിയ സംഭാവനകളും അവരുടെ ത്യാഗങ്ങളും അനുസ്മരിച്ചു.
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന് അനുഗ്രഹവും പിന്തുണയും നൽകിവരുന്ന സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്ക ബാവയോടും , കുവൈത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകി വരുന്ന വടക്കൻ അറേബ്യയുടെ അപ്പസ്തോലിക വികാരിയേറ്റ് ബിഷപ്പ് അഭിവന്ദ്യ അൾഡോ ബെറാർഡിയോടും, വികാരിയേറ്റിലെ മറ്റു വൈദീക സ്രേഷ്ടരോടുമുള്ള അദ്ദേഹത്തിന്റെ ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി കെഎംആർഎമ്മിൽ പുതുതായി അംഗമായ 14 പേർക്ക് പുഷ്പങ്ങൾ നൽകി വരവേറ്റു. വൈസ് പ്രസിഡന്റ്യും പരിപാടിയുടെ കോർഡിനേറ്ററുമായ ഷാരോൺ തരകൻ തന്റെ നന്ദി പ്രസംഗത്തിൽ, ഈ പരിപാടിയെ വിജയകരമാക്കുന്നതിനായി സഹകരിച്ച എല്ലാ വ്യക്തികളോടും ഉള്ള നന്ദി രേഖപ്പെടുത്തി.
മൂന്നു പുരോഹിതന്മാരുടെ സമാപനാശിർവാദത്തിനു ശേഷം സ്നേഹവിരുന്നിനോടുകൂടി 31മത് സ്ഥാപക ദിനാഘോഷം സമാപിച്ചു.