/sathyam/media/media_files/eXTK0eEkDPjWI5Pv413u.jpg)
റിയാദ് : പ്രവാസികൾക്ക് ചെറിയ നിക്ഷേപങ്ങളിലൂടെയും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്നും, നിക്ഷേപങ്ങൾക്ക് സർക്കാർ സുരക്ഷിതത്വവും ഇരട്ട സാമ്പത്തിക
നേട്ടവും കൈവരിക്കാൻ സാധിക്കുമെന്നും കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ റിയാദിൽ പറഞ്ഞു.
കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി പ്രചരണാർത്ഥം റിയാദിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ സുരക്ഷിതത്വമാണ് സർക്കാർ ഗ്യാരണ്ടി. കെഎസ്എഫ്ഇ ചിട്ടിക്കളുടെ പ്രത്യേകതയും അതുതന്നെയാണ്. ഇതിന് പ്രവാസികളിൽ വേണ്ടത്ര പ്രചാരണം
കിട്ടിയിട്ടില്ല.
2018 മുതൽ ആരംഭിച്ച കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയിൽ ഇന്നിപ്പോൾ 121 രാജ്യങ്ങളിലെ പ്രവാസികൾ അംഗമായിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ മലയാളികളുള്ള സൗദി അറേബ്യയിൽ നിന്ന്10 ശതമാനം മാത്രമാണ് അംഗത്വമുള്ളത്.
സുരക്ഷിതവും ലളിതവുമായി ഓൺലൈനിലൂടെ സ്വയം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് പ്രവാസി ചിട്ടി ഒരുക്കിയിട്ടുള്ളത്. അതിനാൽ തന്നെ സ്വന്തം നിക്ഷേപത്തിന് മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല.
പ്രവാസി ചിട്ടിയുടെ സുരക്ഷിതത്വവും സാമ്പത്തിക നേട്ടവും വിശദമാക്കുന്ന വേദിയിൽ പ്രവാസികൾക്ക് ഇരട്ട നേട്ടം ലഭ്യമാക്കുന്ന കെഎസ്എഫ്ഇയുടെ പുതിയ പദ്ധതിയായ "കെഎസ്എഫ്ഇ ഡ്യുവോ" യുടെ ഗ്ലോബൽ ലോഞ്ചിങ്ങും ധനമന്ത്രി നിർവ്വഹിച്ചു.
ചിട്ടിയുടെ നിശ്ചിത മാസത്തെക്കുള്ള തവണകൾ മുൻകൂർ നിക്ഷേപിക്കുന്നതിൽ നിന്നും തവണകൾ അടക്കുന്നതോടൊപ്പം ചിട്ടി വിഹിതവും ആകർഷകമായ പലിശയും ലഭിക്കുന്ന പദ്ധത്തിയാണ് 'ഡ്യുവോ'. ഇത് നിക്ഷേപകർക്ക് ഇരട്ട ലാഭം പ്രദാനം ചെയ്യുന്നു.
കോവിഡ് സമയത്ത് ജോലി നഷ്ട്ടപെട്ട് തിരിച്ചെത്തിയ 12000ത്തിൽ പരം പ്രവാസികൾക്ക് നോർക്കയുമായി സഹകരിച്ച് 5 ലക്ഷം രൂപ സബ്‌സിഡി നിരക്കിൽ വായ്‌പ നൽകി.
വയനാട്ടിലെ ചൂരൽ മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ സഹായമായി 5 കോടി നൽകിയതിന് പുറമെ മറ്റ് പുനഃരാധിവാസ പ്രവർത്തനങ്ങൾക്കായി 50 കോടി കെഎസ്എഫ്ഇ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ഇടപാടുകാർക്ക് സാമ്പത്തികാദായം ലഭിക്കുന്നതിനൊപ്പം പ്രവാസിചിട്ടി വഴി കെഎസ്എഫ്ഇ യിൽ എത്തുന്ന പണം കിഫ്ബി വഴി കേരള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപകരിക്കുകയും ചെയ്യുന്നു.
ഇത് വഴി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ നിക്ഷേപത്തിലൂടെ പങ്കാളികളാകാൻ പ്രവാസികൾക്ക് സാധിക്കും.
സ്വപ്ന പദ്ധതിയായ ദേശീയ പാത പണി പൂർത്തിയാകുന്നതോടെ സൗദി അറേബ്യയിലെ റോഡുകളോട് കിടപിടിക്കുന്ന യാത്രാ സൗകര്യം കേരളത്തിലും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
റിയാദിലെ വിവിധ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ സംഘടനാ പ്രതിനിധികളും, പൊതു ജനങ്ങളും മാധ്യമ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തും
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായ പരിപാടിയിൽ കെഎസ്എഫ്‌ഇ ചെയർമാൻ കെ വരദരാജൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സദസിൽ നിന്നും ഉയർന്ന സംശയങ്ങൾക്ക് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്കെ സനിൽ മറുപടി പറഞ്ഞു. ഡിജിഎം എം ടി സുജാത നന്ദി രേഖപ്പെടുത്തി.
കെഎസ്എഫ്ഇ ബോർഡ് മെംബർ എം സി രാഘവൻ, എജിഎം ഷാജു ഫ്രാൻസീസ്, ചീഫ് മാനേജർ പി കെ രേവതി എന്നിവരും മന്ത്രിക്കൊപ്പം സൗദി പര്യടന സംഘത്തിലുണ്ടായിരുന്നു.