/sathyam/media/media_files/2026/03/03/untitled-2026-03-03-13-41-11.jpg)
കുവൈറ്റ്: മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണന്റെ വിയോഗം പ്രവാസലോകത്തിന്, പ്രത്യേകിച്ച് കുവൈറ്റിലെ മലയാളി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.
കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, മരണത്തിന്റെ നിഴലില്‍ കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ജീവിതത്തിലേക്കുള്ള മടക്കയാത്ര ഒരുക്കിയ ഭരണാധികാരിയായാണ് ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.
1990-ല്‍ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചതോടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലായ ആ കറുത്ത നാളുകളില്‍, വി.പി. സിങ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത-വാര്‍ത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.പി. ഉണ്ണിക്കൃഷ്ണന്‍ നടത്തിയ ഇടപെടലുകള്‍ വിസ്മരിക്കാനാവാത്തതാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിവിലിയന്‍ ഒഴിപ്പിക്കല്‍ ദൗത്യമായ എയര്‍ലിഫ്റ്റിന്' പിന്നിലെ പ്രധാന ചാലകശക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം.
യുദ്ധം തകര്‍ത്ത കുവൈറ്റില്‍ നിന്ന് പ്രവാസികളെ സുരക്ഷിതമായി ജോര്‍ദാന്‍ വഴി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കുന്നതില്‍ അദ്ദേഹം നേരിട്ട് മേല്‍നോട്ടം വഹിച്ചു.
അന്താരാഷ്ട്ര ഉപരോധങ്ങളും സാങ്കേതിക തടസ്സങ്ങളും വകവെക്കാതെ, വിദേശകാര്യ വകുപ്പുമായി ഏകോപിച്ച് അദ്ദേഹം നടത്തിയ നീക്കങ്ങളാണ് പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തുണയായത്. ഓരോ പ്രവാസിയുടെയും ആശങ്ക സ്വന്തം വേദനയായി കണ്ട് ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളില്‍ അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഇന്നും പഴയകാല പ്രവാസികള്‍ നന്ദിയോടെ സ്മരിക്കുന്നു.
ഭരണപരമായ കര്‍ക്കശതയ്ക്കപ്പുറം മനുഷ്യത്വപരമായ സമീപനമായിരുന്നു അന്ന് അദ്ദേഹത്തെ നയിച്ചിരുന്നത്. വടകരയുടെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തിയ അദ്ദേഹം, ഡല്‍ഹിയില്‍ പ്രവാസികളുടെ ശബ്ദമായി മാറി.
കുവൈറ്റ് യുദ്ധകാലത്തെ ആ രക്ഷാദൗത്യം പൂര്‍ത്തിയാക്കി ഓരോ വിമാനവും ഇന്ത്യയില്‍ തൊടുമ്പോള്‍, അത് കെ.പി. ഉണ്ണിക്കൃഷ്ണന്‍ എന്ന ഭരണാധികാരിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി വിജയമായിരുന്നു. പ്രവാസികളുടെ ഹൃദയത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട ആ പേര്, മലയാളിയുള്ളിടത്തോളം കാലം ഒരു രക്ഷകന്റെ ഓര്‍മ്മയായി നിലനില്‍ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us