കുവൈറ്റ്: കുവൈറ്റിലുടനീളമുള്ള ഐസ്‌ക്രീം കാര്‍ട്ടുകള്‍ക്കുള്ള ലൈസന്‍സ് പുതുക്കുന്നത് നിര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനും.
കഴിഞ്ഞ ആഴ്ച മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍-മിഷാരിയുടെ ഓഫീസില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റെ ചെയര്‍പേഴ്‌സണും ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍ ഫുലൈജ്, ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കടുത്ത വേനല്‍ക്കാലത്ത് ഐസ്‌ക്രീം കാര്‍ട്ടുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ, സാമൂഹിക, സുരക്ഷാ അപകടങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും അതുപോലെ തന്നെ അനുചിതമായ സംഭരണ രീതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.