കോഴിക്കോട്: കുവൈത്ത് കെഎംസിസി അംഗങ്ങൾക്കായി സംസ്ഥാന ശിഹാബ് തങ്ങൾ റിലീഫ് വിംഗിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച 'നന്മഭവൻ' പദ്ധതിയിലെ ആദ്യഘട്ടം വീടുകളുടെ പ്രവർത്തനോദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ജൂൺ 28 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെഎംസിസി അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും അർഹരായ അഞ്ച് പേർക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. കാസർഗോഡ് ജില്ലയിലെ ഉദുമ, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, ബേപ്പൂർ, മലപ്പുറം ജില്ലയിലെ പൊന്നാനി, വേങ്ങര എന്നീ നിയോജക മണ്ഡലങ്ങളിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ശിഹാബ് തങ്ങൾ റിലീഫ് വിംഗ് ചെയർമാനും വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദലി, വൈസ് പ്രസിഡന്റ് എം.ആർ. നാസർ എന്നിവരും സംബന്ധിക്കും.
സാമൂഹിക ബഹുജനത്തിൽ പ്രതിഫലിക്കുന്ന ഒരു മാതൃകാപദ്ധതിയായി 'നന്മഭവൻ' മാറുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.