/sathyam/media/media_files/pfokQWRZSflTLJ0qYHWA.jpg)
കുവൈത്ത്: വിദേശ രാജ്യങ്ങളിൽ നിന്ന് ചികിത്സാ ആവശ്യങ്ങൾക്കായി മരുന്നുകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
മയക്കുമരുന്ന് ചേരുവകളുള്ളതും സൈക്കോട്രോപിക് വിഭാഗത്തിൽപ്പെടുന്നതുമായ മരുന്നുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരമുള്ള പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
15 മുതൽ 30 ദിവസം വരെ ഉപയോഗിക്കാനുള്ള മരുന്നുകളാണ് കൊണ്ടുവരുന്നതെങ്കിൽ, രോഗിയുടെ മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ കുറിപ്പടിയും നിർബന്ധമാണ്.
ഈ രേഖകൾ അതാത് രാജ്യത്തെ കുവൈത്ത് എംബസിയിൽ നിന്നോ അല്ലെങ്കിൽ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ സാക്ഷ്യപ്പെടുത്തിയിരിക്കണം.
വിമാനത്താവളത്തിലോ മറ്റ് അതിർത്തി പോസ്റ്റുകളിലോ എത്തുമ്പോൾ മെഡിക്കൽ റിപ്പോർട്ടുകളും കുറിപ്പടികളും കസ്റ്റംസ് വിഭാഗത്തിൽ ഹാജരാക്കണം.
15 ദിവസത്തിൽ താഴെ മാത്രം ആവശ്യമുള്ള മരുന്നുകൾ കൊണ്ടുവരുന്നതിന് മെഡിക്കൽ റിപ്പോർട്ടുകൾ അറ്റസ്റ്റ് ചെയ്യേണ്ടതില്ല.
കൂടാതെ, കുവൈത്തിലെ ലൈസൻസുള്ള ഡോക്ടർമാർ നൽകുന്ന കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ കൈവശം വെക്കുന്നവർക്കും പുതിയ നിബന്ധനകൾ ബാധകമല്ല. എങ്കിലും പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.
പ്രവാസികൾ സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകളിൽ ഇത്തരം ചേരുവകൾ അടങ്ങാൻ സാധ്യതയുള്ളതിനാൽ, യാത്രയ്ക്ക് മുൻപ് മരുന്നുകൾ പരിശോധിക്കുകയും നിയമം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us