/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈറ്റ്: സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തികളുടെയും സെലിബ്രിറ്റികളുടെയും പരസ്യങ്ങൾക്ക് കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ കുവൈറ്റ് സർക്കാർ ഒരുങ്ങുന്നു.
വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ നിയമം, പരസ്യങ്ങളുടെ മേഖലയിലെ നിലവിലെ അരാജകത്വം അവസാനിപ്പിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
പുതിയ നിയമം അനുസരിച്ച്, ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും വിവരസാങ്കേതിക മന്ത്രാലയത്തിൽ നിന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നും വ്യക്തിഗത പരസ്യ ലൈസൻസ് നേടിയിരിക്കണം.
പുതിയ മീഡിയ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണ്, ഇത് ഉടൻ തന്നെ മന്ത്രിസഭക്ക് മുന്നിൽ സമർപ്പിക്കും. ലൈസൻസ് നേടുന്നതിനുള്ള വ്യവസ്ഥകളും പരസ്യത്തിനുള്ള മാനദണ്ഡങ്ങളും വിശദീകരിക്കുന്ന രണ്ട് അധ്യായങ്ങൾ ഈ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവരസാങ്കേതിക മന്ത്രാലയം ഇൻഫ്ലുവൻസർമാരുടെയും സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് മുൻപായി അവരുടെ നിലപാട് ക്രമീകരിക്കാൻ ഒരു നിശ്ചിത സമയം നൽകും.
പരസ്യം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഉദാഹരണത്തിന്, മരുന്നുകൾക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്നും റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് ആവശ്യമാണ്.
ദൃശ്യ, അച്ചടി, രേഖാമൂലമുള്ള പരസ്യങ്ങൾക്കും ഈ നിയമം ബാധകമാണ്. ഇവയെല്ലാം നിരീക്ഷിക്കാൻ വിവരസാങ്കേതിക മന്ത്രാലയത്തിന് പൂർണ്ണ അധികാരമുണ്ടായിരിക്കും. നിയമ ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.
ഇൻഫ്ലുവൻസർമാർക്ക് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മന്ത്രാലയത്തിൽ ഓൺലൈനായി പരിശോധനക്ക് സമർപ്പിക്കാനും ആവശ്യമായ രേഖകൾ ഹാജരാക്കാൻ പ്രതിജ്ഞപന്തമാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.